സ്ത്രീകളുടെ ശബരിമല , മണ്ടക്കാട്ട് ഭഗവതി ക്ഷേത്രം

Published by
Janam Web Desk

കന്യാകുമാരി ജില്ലയിലെ പ്രശസ്ത ക്ഷേത്രമാണ് മണ്ടക്കാട്ട് ഭഗവതി ക്ഷേത്രം. വൈഷ്ണവാംശ ശക്തിയാണ് ഇവിടെ പ്രതിഷ്ഠ. നിരവധി പ്രത്യേകതകളുളള ഈ ക്ഷേത്രം സ്ത്രീകളുടെ ശബരിമല എന്ന പേരിലും അറിയപ്പെടുന്നു. മണ്ടക്കാട് ക്ഷേത്രാചാരപ്രകാരം ഭഗവതിയെ ദര്‍ശിക്കാന്‍ വരുന്നവര്‍ നിശ്ഛയമായും പൊങ്കാലയിടണം. പൊങ്കാലയിട്ട് നിവേദ്യം സമര്‍പ്പിച്ച് കഴിഞ്ഞാല്‍ ‘കടല്‍ കാണുക’ എന്ന ചടങ്ങുണ്ട്. ക്ഷേത്രത്തിന്റെ പിന്‍ഭാഗത്തുള്ള വഴിയിലൂടെ നേരെ നടന്നാല്‍ കടല്‍ക്കരയിലെത്തും. കടല്‍ വെള്ളത്തില്‍ കാല്‍ നനച്ചു കഴിഞ്ഞാല്‍ ഭക്തര്‍ക്ക് തിരിച്ച് പോകാം.

മണ്ടക്കാട് ക്ഷേത്രത്തിലെ പ്രധാന ഉത്സവമാണ് കൊട മഹോത്സവം. മണ്ടക്കാട് കൊട എന്നാല്‍ ഭഗവതിയുടെ പരിവാരങ്ങളായ ഭൂതഗണങ്ങള്‍ക്ക് ബലി കൊടുക്കുന്ന ചടങ്ങാണ്. കുംഭമാസത്തിലെ ഒടുവിലത്തെ ചൊവ്വാഴ്ചയാണ് കൊട. അന്ന് ഏകാദശിയാണെങ്കില്‍ കൊട അതിന് മുന്‍പിലത്തെ ചൊവ്വാഴ്ച നടത്തുന്നു. ക്ഷേത്രോല്‍പത്തിയുമായി ബന്ധപ്പെട്ട് ഐതീഹ്യങ്ങള്‍ പലതാണ്. എന്നാല്‍ ഒരിക്കല്‍ കുറച്ച് ഇടയന്‍മാര്‍ കളിച്ച് കൊണ്ടിരിക്കേ അരികിലുള്ള ഒരു ചിതല്‍പ്പുറ്റില്‍ത്തട്ടി അതില്‍ നിന്ന് രക്തപ്രവാഹമുണ്ടായി. ദേവി വല്മീകരൂപത്തില്‍ ഇവിടെ ആവിര്‍ഭവിച്ചിരിക്കുകയാണ് എന്ന് ഒരാള്‍ ഉറഞ്ഞുതുള്ളി പറഞ്ഞു.

പൊട്ടിയ പുറ്റിന്റെ വിടവ് ചന്ദനം കൊണ്ട് അടച്ചു. അപ്പോള്‍ രക്തപ്രവാഹം നിലച്ചു. പിന്നീട് മുതല്‍ അമ്മന് മുറയ്‌ക്ക് പൂജ ആരംഭിച്ചു. പൂജ ആരംഭിച്ചതോടെ പുറ്റ് ക്രമേണ വളരാന്‍ തുടങ്ങി. ഇപ്പോഴത് ചെറിയ പര്‍വ്വതം പോലെയായി കഴിഞ്ഞു. എന്നാണ് സമീപവാസികളുടെ വിശ്വാസം. ഉത്സവദിവസങ്ങളില്‍ ദൂരദിക്കുകളില്‍ നിന്നുപോലും ആളുകള്‍ മണ്ടക്കാട്ടമ്മന്റെ ദര്‍ശനത്തിനായി എത്തിച്ചേരുന്നു. ശക്തി സ്വരൂപിണിയാണ് മണ്ടക്കാട്ട് ഭഗവതി 2004 ല്‍ സുനാമി ഉണ്ടായപ്പോൾ തീരദേശങ്ങള്‍ എല്ലാംതന്നെ സുനാമിക്ക് ഇരയായപ്പോഴും ക്ഷേത്രത്തിന് ഒരു കേടുപാടും സംഭവിച്ചിരുന്നില്ല.

Share
Leave a Comment