വിവാഹ ദിവസം തന്റെ കാമുകിയെ കാണാനായി വേഷംമാറി വീട്ടിലെത്തുന്ന കാമുകന്മാരെ സിനിമയില്‍ നാം നിരവധി കണ്ടിട്ടുണ്ട് എന്നാല്‍ ഇപ്പോള്‍ സിനിമയെ വെല്ലുന്ന ഒരു സംഭവമാണ് നടന്നിരിക്കുന്നത്. വിവാഹ ദിവസം തന്റെ കാമുകിയുടെ വീട്ടിലേക്ക് പെണ്‍വേഷം കെട്ടി എത്തിയ യുവാവിനെ നാട്ടുകാരും ബന്ധുക്കളും കയ്യോടെ തന്നെ പിടികൂടി.
ഇയാളുടെ അസ്വാഭാവികമായ പെരുമാറ്റത്തില്‍ സംശയം തോന്നിയ ബന്ധുക്കളും നാട്ടുകാരും ഇയാളെ പിന്തുടര്ന്ന് പിടികൂടുകയായിരുന്നു. എന്നാല്‍ വീട്ടിലേക്ക് കയറിപ്പറ്റാനുള്ള എളുപ്പത്തിലാണ് യുവാവ് ഇത്തരത്തില്‍ പെണ്‍വേഷം കെട്ടിയത് എന്നും, കാമുകിയുടെ വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ വേണ്ടി മാത്രമാണ് എത്തിയതെന്നുമാണ് സൂചന.
ഉത്തര്‍പ്രദേശിലെ ഭഡോഹി ജില്ലയിലാണ് സംഭവം. ചുവപ്പ് നിറം ഉള്ള സാരിയും വിഗ്ഗും ആഭരണങ്ങളും ഒക്കെ ധരിച്ച് പരമ്പരാഗതമായി വിവാഹത്തില്‍ പങ്കെടുക്കാനെത്തുന്ന സ്ത്രീകളുടെ എല്ലാ ഒരുക്കങ്ങളോടെയുമാണ് യുവാവ് എത്തിയിരുന്നത്. സ്ത്രീകളുടെ ചെരിപ്പും കയ്യില്‍ പഴ്സും വരെ കരുതിയിരുന്നു. എന്നാല്‍, ഇയാളുടെ നടപ്പിലും പെരുമാറ്റത്തിലും സംശയം തോന്നിയ വിവാഹ വീട്ടിലെ ആളുകള്‍ യുവാവിനെ നിരീക്ഷിക്കാന്‍ തുടങ്ങിയിരുന്നു.
വധുവിനെക്കുറിച്ചും അവരെ കാണണമെന്നും ഇയാള്‍ നിരന്തരം ആവശ്യപ്പെട്ടതോടെയാണ് സംശയം ഇരട്ടിയായത്. യുവാവിനെ തന്നെ പിന്തുടര്‍ന്ന നാട്ടുകാര്‍ ഇയാളെ തടഞ്ഞ് നിര്‍ത്തി മുഖം മറയുന്ന തരത്തില്‍ ഇട്ടിരുന്ന സാരിത്തുമ്പ് ഉയര്‍ത്താന്‍ ആവശ്യപ്പെട്ടു. ബലമായി സാരി ഉയര്‍ത്തിയതോടെ ഇയാളുടെ വെപ്പുമുടി അഴിഞ്ഞു വരികയായിരുന്നു. ഇതോടെ യുവാവിന്റെ കള്ളി വെളിച്ചത്തായി. ആളുകള്‍ പോലീസിനെ വിവരം അറിയിച്ചപ്പോഴേക്കും ഇയാള്‍ പുറത്ത് കാത്തു നിന്ന സുഹൃത്തുക്കള്‍ക്കൊപ്പം കടന്നു കളഞ്ഞു.
Comments