തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി സർവ്വീസുകൾ ആരംഭിക്കുന്നതിനെതിരെ എതിർപ്പുമായി ആരോഗ്യ വകുപ്പ്. രോഗവ്യാപന നിരക്കിലും ടെസ്റ്റ് പോസിറ്റിവിറ്റിയിലും പ്രതീക്ഷിച്ചപോലെ കുറവില്ലാത്ത സാഹചര്യത്തിലാണ് കെ.എസ്.ആർ.ടി.സി സർവ്വീസ് തുടങ്ങുന്നതിനെതിരെ ആരോഗ്യ വകുപ്പ് എത്തിയത്. സർവ്വീസ് പുനരാരംഭിക്കാനുള്ള തീരുമാനത്തിൽ നിന്ന് പിന്മാറണമെന്ന് ആരോഗ്യ വകുപ്പ് സെക്രട്ടറി കെ.എസ്.ആർ.ടി.സിയോട് ആവശ്യപ്പെട്ടു.
ഇതുസബന്ധിച്ച് ഗതാഗത വകുപ്പ് മന്ത്രിയ്ക്കും കെ.എസ്.ആർ.ടി.സി സിഎംഡിയ്ക്കും ആരോഗ്യ വകുപ്പ് കത്തയച്ചിട്ടുണ്ട്. കൊറോണയുടെ രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തിൽ മെയ് എട്ട് മുതലാണ് കെ.എസ്.ആർ.ടി.സി സർവ്വീസുകൾ അവസാനിപ്പിച്ചത്. രോഗവ്യാപനം കുറഞ്ഞതിനെ തുടർന്നാണ് കെ.എസ്.ആർ.ടി.സി സർവ്വീസുകൾ പുനരാരംഭിക്കാൻ ചീഫ് സെക്രട്ടറി അനുമതി നൽകിയത്.
അതേസമയം സംസ്ഥാനത്ത് ഇപ്പോഴും ലോക്ക് ഡൗൺ തുടരുന്നതിനാൽ തിരക്കേറിയ റൂട്ടുകളിൽ മാത്രമായിരിക്കും കെ.എസ്.ആർ.ടി.സി ആദ്യപടിയായി സർവ്വീസുകൾ നടത്തുക. കൊറോണ പ്രോട്ടോക്കോൾ പാലിച്ചായിരിക്കും സർവ്വീസുകൾ എന്നതിനാൽ യാത്രക്കാരെ നിന്നു യാത്ര ചെയ്യാൻ അനുവദിക്കില്ല. ഇതുസംബന്ധിച്ച് അന്തിമ തീരുമാനം ഇന്ന് ഉണ്ടാകും.
Comments