ടോക്കിയോ: ഒളിമ്പിക്സിൽ കാണികളെ പ്രവേശിപ്പിക്കാൻ തീരുമാനിച്ച് ഒളിമ്പിക്സ് കമ്മിറ്റി. കൊറോണ മാനദണ്ഡങ്ങൾ കർശനമാക്കിയിട്ടുണ്ടെങ്കിലും എല്ലാ സ്‌റ്റേഡിയങ്ങളിലേക്കും പതിനായിരം കാണികളെ വീതമാണ് പ്രവേശിപ്പിക്കുക.
ഒളിമ്പിക്‌സിനെത്തുന്നവർ രണ്ടു വാക്‌സിനും എടുത്തിട്ടുണ്ടോ എന്നത് വിമാനത്താവളം മുതൽ പരിശോധിക്കും. വിദേശ സഞ്ചാരികൾക്ക് പക്ഷെ അനുമതിയില്ല. വിദേശ രാജ്യങ്ങളിൽ നിന്നുള്ള ഔദ്യോഗിക പ്രതിനിധികളും കൊറോണ പരിശോധനയ്‌ക്ക് വിധേയരാകണമെന്നും ജപ്പാൻ അറിയിച്ചു. ഒളിമ്പിക്‌സിൽ കാണികളെ പ്രവേശിപ്പിക്കരുതെന്ന വാദം ഇതിനിടെ പ്രതിപക്ഷ കക്ഷികൾ ഉന്നയിച്ചിട്ടുണ്ട്.
ജൂലൈ 23ന് ആരംഭിക്കുന്ന ലോകകായിക മാമാങ്കത്തിന് വേദികളിൽ 50 ശതമാനം പേർക്കാണ് അനുമതിയുള്ളത്. കാണികളുടെ എണ്ണം പതിനായിരത്തിനപ്പുറം കടക്കില്ലെന്നും തീരുമാനമായിട്ടുണ്ട്. 1964 ഒളിമ്പിക്‌സിനായി പണിത 68,000 പേർക്ക് ഇരിക്കാവുന്ന സ്റ്റേഡിയമാണ് ഇത്തവണയും പ്രധാന വേദി.
അതീവ ചാരുതയോടെയാണ് ജപ്പാനിൽ ഒളിമ്പിക്‌സ് ഗ്രാമം തയ്യാറാക്കിയിരിക്കുന്നത്. ബഹുനില മന്ദിരങ്ങളിലാണ് കായികതാരങ്ങളും പരിശീലകരും താമസിക്കുക. മികച്ച റെസ്റ്റോറന്റുകളും പരിശീലന സൗകര്യവും ജിമ്മുകളും ഒരുക്കിയിട്ടുണ്ട്. 12000 അത്‌ലറ്റുകൾ ക്കായി 23 കെട്ടിടങ്ങളാണ് പണിതീർന്നിരിക്കുന്നത്. പഞ്ചനക്ഷത്ര ഹോട്ടലുകളെ വെല്ലുന്ന കിടപ്പുമുറികളും വിശ്രമമുറികളും ഒരോ രാജ്യത്തിനായും പ്രത്യേകം ബ്ലോക്കുകളാക്കി തയ്യാറാക്കിയിട്ടുണ്ട്.
ഭക്ഷണശാലകളിൽ കൂട്ടം കൂടി നിൽക്കാതിരിക്കാനും മാസ്‌ക് ധരിക്കുന്നു എന്നുറപ്പു വരുത്താനും വളണ്ടിയർമാർക്കാണ് ചുമതല. ഒളിമ്പിക്‌സിന് ശേഷം കെട്ടിടങ്ങൾ തദ്ദേശവാസികൾക്ക് താമസത്തിനായി വിട്ടുനൽകുമെന്നും ജപ്പാൻ ഭരണകൂടം തീരുമാനിച്ചിട്ടുണ്ട്.
Comments