കണ്ണൂർ: വടകരയിൽ പാർട്ടി അംഗത്തെ ബലാത്സംഗം ചെയ്ത കേസിലെ പ്രതികളായ സിപിഎം നേതാക്കളെ ഉടൻ അറസ്റ്റ് ചെയ്തേക്കും. പ്രതികളെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധം ശക്തമായതിനെ തുടർന്നാണ് നീക്കം. പ്രതികളെ രക്ഷപെടുത്താനാണ് പോലീസിന്റെ ശ്രമമെന്ന് കോൺഗ്രസും ബിജെപിയും ആരോപിച്ചിരുന്നു. പരാതിക്കാരിക്ക് പൂർണ പിന്തുണ നൽകുമെന്ന് ജനാധിപത്യ മഹിളാ അസോസിയേഷനും വ്യക്തമാക്കിയിട്ടുണ്ട്.
ഇന്നലെയാണ് വനിതാ ബ്രാഞ്ച് കമ്മിറ്റി അംഗത്തെ ബലാത്സംഗം ചെയ്തതിന് മുളിയേരി ഈസ്റ്റ് ബ്രാഞ്ച് സെക്രട്ടറി പുല്ലുള്ള പറമ്പത്ത് ബാബു രാജ്, ഡിവൈഎഫ്ഐ പതിയരക്കര മേഖല സെക്രട്ടറി ടിപി ലിജീഷ് എന്നിവർക്കെതിരെ കേസെടുത്തത്. ബലാത്സംഗം, വീട്ടിൽ അതിക്രമിച്ച് കയറൽ, ഭീഷണിപ്പെടുത്തൽ എന്നിവയാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്ന വകുപ്പുകൾ. സി പി എം മുളിയേരി ഈസ്റ്റ് ബ്രാഞ്ച് കമ്മറ്റി അംഗമാണ് പരാതിക്കാരിയായ യുവതി.
മൂന്ന് മാസങ്ങൾക്ക് മുൻപായിരുന്നു സംഭവം. ഭർത്താവില്ലാത്ത ദിവസം രാത്രി വീട്ടിലെത്തി വാതിൽ തകർത്ത് അകത്തു കടന്ന ബാബുരാജ് ഭീഷണിപ്പെടുത്തി യുവതിയെ പീഡിപ്പിക്കുകയായിരുന്നു. കൊല്ലുമെന്നായിരുന്നു ഇയാളുടെ ഭീഷണിയെന്ന് പരാതിയിൽ പറയുന്നു. കണ്ണൂർ കോഴിക്കോട് ജില്ലയിലെ സി പി എം അക്രമങ്ങൾക്കു നേതൃത്വം നൽകുന്ന വ്യക്തിയാണ് പ്രതിയായ ബാബു രാജ്. ഇതിന് ശേഷമാണ് ലിജീഷ് യുവതിയെ പീഡനത്തിന് ഇരയാക്കിയത്. സംഭവം പുറത്തു പറയുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു ലിജീഷ് യുവതിയെ പീഡിപ്പിച്ചത്. പിന്നീട് സംഭവം ഒതുക്കിത്തീർക്കാനും ശ്രമമുണ്ടായി.
അതിനിടെ കേസെത്തിട്ട് ഒരു ദിവസമായട്ടും കസ്റ്റഡിയിലെടുക്കാത്തത് പ്രതികൾക്ക് രക്ഷപെടാൻ വേണ്ടിയാണെന്ന ആക്ഷേപവും ഉയരുന്നുണ്ട്. പരാതി നൽകും മുൻപേ പാർട്ടി ഇക്കാര്യം അറിഞ്ഞിരുന്നു. മുഖം രക്ഷിക്കാനാണ് പ്രതികൾക്കെതിരെ സിപിഎം നടപടിയെടുത്തതെന്നായിരുന്നു ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ പ്രതികരിച്ചത്.
Comments