ബംഗളൂരു: ഫേസ്ബുക്ക് വഴി പരിചയപ്പെട്ട 17 വയസുകാരനെ വിവാഹം ചെയ്ത 20 വയസുകാരിയ്ക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് പോലീസ്. ബാലവിവാഹം തടയൽ നിയമം അനുസരിച്ചാണ് യുവതിയ്ക്കെതിരെ പോലീസ് കേസെടുത്തത്. വിവാഹത്തിന് കൂട്ട് നിന്ന 17കാരന്റെ ബന്ധുക്കൾക്കെതിരേയും പോലീസ് നടപടിയെടുത്തു.
ബംഗളൂരുവിലാണ് സംഭവം. തനിക്ക് 21 വയസുണ്ടെന്ന് പറഞ്ഞ് യുവതിയെ തെറ്റിദ്ധരിപ്പിച്ചാണ് 17കാരൻ വിവാഹത്തിന് തയ്യാറായത്. 20കാരിയായ ബിഎസ്സി നഴ്സിംഗ് വിദ്യാർത്ഥിനിയെയാണ് 17കാരന് വിവാഹം ചെയ്തത്. ചിക്കമംഗളൂരു സ്വദേശിയാണ് ആൺകുട്ടി. ഫേസ്ബുക്ക് വഴിയുള്ള സൗഹൃദം പ്രണയമാവുകയും പിന്നീട് വിവാഹം കഴിക്കാൻ തീരുമാനിക്കുകയുമായിരുന്നു.
പെൺകുട്ടിയുടെ വീട്ടുകാരുടെ എതിർപ്പ് അവഗണിച്ച് ജൂൺ 16നാണ് ഇരുവരും വിവാഹിതരായത്. എന്നാൽ കല്യാണത്തെ കുറിച്ചുള്ള വാർത്തകൾ പ്രചരിച്ചതോടെ ഗ്രാമവാസികൾ ചൈൽഡ് ഹെൽപ്പ് ലൈൻ നമ്പറിൽ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് 21 കാരന് 17 വയസ് മാത്രമെ പ്രായമുള്ളൂ എന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് ഇന്നലെ യുവതിയ്ക്കെതിരേയും 17കാരന്റെ ബന്ധുക്കൾക്കെതിരേയും പോലീസ് കേസെടുക്കുകയായിരുന്നു.
Comments