വാഷിംഗ്ടൺ: അഫ്ഗാനിൽ നിന്നുള്ള സൈനിക പിന്മാറ്റം ഘട്ടം ഘട്ടമായിത്തന്നെ പൂർത്തിയാക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. ഉടനെ സൈനിക പിന്മാറ്റം പൂർത്തിയാകുമോ എന്ന മാദ്ധ്യമങ്ങളുടെ ചോദ്യത്തിന് ഇല്ല എന്ന ഉത്തരമാണ് ബൈഡൻ നൽകിയത്. അതേ സമയം പിന്മാറ്റം സമ്പൂർണ്ണമായിരിക്കുമെന്നും ബൈഡൻ അറിയിച്ചു. നാളെ അമേരിക്കയുടെ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് പിന്മാറ്റം പൂർത്തായാകുമെന്ന വാർത്ത ശരിയല്ലെന്നും ബൈഡൻ പറഞ്ഞു.
ഞങ്ങൾ കൃത്യമായ പാതയിലാണ് നീങ്ങുന്നത്. പ്രതിരോധ വകുപ്പും വിദേശകാര്യവകുപ്പും അഫ്ഗാൻ ഭരണകൂടവുമായി പിന്മാറ്റം സംബന്ധിച്ച എല്ലാ കാര്യങ്ങളും ചർച്ച ചെയ്തു കഴിഞ്ഞു. അതാത് സ്ഥലത്ത് അമേരിക്ക ഉപയോഗിച്ചിരുന്ന കേന്ദ്രങ്ങളെ അഫ്ഗാൻ സേനാ വിഭാഗ ങ്ങൾക്ക് ഉപയോഗിക്കാനായി വിട്ടുകൊടുക്കുന്ന നടപടികളാണ് പൂർത്തിയാകുന്നത്. ഒപ്പം സൈനികപരമായ ആയുധങ്ങളും വാഹനങ്ങളും വിമാനങ്ങളും അഫ്ഗാന് നൽകുന്നതുമായി ബന്ധപ്പെട്ട പ്രതിരോധ കരാറുകളും ഘട്ടം ഘട്ടമായി പൂർത്തിയാക്കുമെന്നും ജോ ബൈഡൻ പറഞ്ഞു.
സെപ്തംബർ 11ഓടെ അഫ്ഗാനിലെ അവസാനത്തെ സൈനികനേയും പിൻവലിക്കുമെന്ന് ജോ ബൈഡൻ രണ്ടു മാസം മുന്നേ വ്യക്തമാക്കിയിരുന്നു. മെയ് മാസം പൂർത്തിയാക്കുമെന്ന് ട്രംപ് തീരുമാനിച്ചിരുന്ന പിന്മാറ്റമാണ് സെപ്തംബറിലേക്ക് നീങ്ങിയത്. ബാഗ്രാം വ്യോമതാവളം അമേരിക്കയും സഖ്യസൈന്യവും ഒരുമിച്ചാണ് ഉപയോഗിച്ചിരുന്നത്. കഴിഞ്ഞയാഴ്ചയാണ് ബാഗ്രാം വ്യോമതാവളം അമേരിക്ക ഒഴിഞ്ഞത്.
















Comments