ഭോപ്പാൽ: ഭർതൃവീട്ടിൽ നിന്നുള്ള പീഡനത്തെ തുടർന്ന് സ്വന്തം ഇഷ്ടപ്രകാരം തിരിച്ചെത്തിയ യുവതിയെ വീട്ടുകാർ ക്രൂരമായി തല്ലിച്ചതച്ചു. യുവതിയുടെ പിതാവും സഹോദരങ്ങളുമാണ് അടിച്ച് അവശയാക്കിയത്. തല്ലരുതെന്ന് യുവതി കരഞ്ഞുപറയുന്നുണ്ടെങ്കിലും മർദ്ദനം തുടർന്നു. ആളുകൾ നോക്കി നിൽക്കെയായിരുന്നു ക്രൂരത. സംഭവത്തിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെ മദ്ധ്യപ്രദേശ് പോലീസ് യുവതിയുടെ വീട്ടുകാർക്കെതിരെ കേസെടുത്തു. നാല് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
പിതാവിനെയും സഹോദരങ്ങളെയുമാണ് അറസ്റ്റ് ചെയ്തത്. മദ്ധ്യപ്രദേശിലെ അലിരാജ്പൂരിലാണ് സംഭവം. വീട്ടിൽ നിന്ന് പുറത്തിറക്കി ഏറെ നേരം മർദ്ദിച്ച ശേഷം കയർ ഉപയോഗിച്ച് മരത്തിൽ കെട്ടിത്തൂക്കുകയായിരുന്നു. ശേഷം പിതാവും സഹോദരങ്ങളും ചുറ്റും നിന്ന് അടിച്ചു. ഭർത്താവിന്റെ വീട്ടിൽ നിന്ന് സ്വന്തം ഇഷ്ടപ്രകാരം മടങ്ങിവന്നത് വലിയ കുറ്റമാണെന്നാണ് ബന്ധുക്കൾ പറയുന്നത്. ഇതേ ചൊല്ലിയാണ് മർദ്ദനം.
യുവതി കരയുന്നത് കണ്ട് ചിലർ ചിരിക്കുന്നതും വീഡിയോയിൽ കേൾക്കാം. ജൂൺ 28ന് ജില്ലയിലെ ബാദിപൂൾ തലാവോ ഗ്രാമത്തിലാണ് സംഭവം നടന്നതെന്ന് അലിരാജ് പൂർ എസ്പി വിജയ് ഭഗ്വാവി പറഞ്ഞു. സമീപ ഗ്രാമത്തിലേക്കാണ് യുവതിയെ വിവാഹം ചെയ്തയച്ചത്. ഭർത്താവ് പിന്നീട് ഗുജറാത്തിലേക്ക് ജോലിക്ക് പോയി. തുടർന്ന് ഭർതൃവീട്ടിൽ നിന്ന് യുവതി സ്വന്തം വീട്ടിലെത്തി.
ഭർത്താവിന്റെ വീട്ടിൽ നിന്ന് എന്തിന് തിരിച്ചു വന്നു എന്ന് ചോദിച്ചാണ് അച്ഛനും സഹോദരങ്ങളും യുവതിയെ തല്ലിയത്. യുവതിയുടെ ഭാഗം കേൾക്കാനൊന്നും തന്നെ വീട്ടുകാർ തയ്യാറായില്ല. നിലവിൽ യുവതി ആശുപത്രിയിൽ ചികിത്സയിലാണ്. മർദ്ദനത്തിന്റെ വീഡിയോ പ്രദേശവാസി സോഷ്യൽ മീഡിയയിൽ പങ്കുവയ്‌ക്കുകയായിരുന്നു. അറസ്റ്റിലായ പ്രതികളെ റിമാന്റ് ചെയ്തുവെന്ന് എസ്പി പറഞ്ഞു.
















Comments