ഷിംല: അടൽ ടണലിൽ സോണിയാഗാന്ധിയുടെ പേര് എഴുതിയ ഫലകം പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്. പുനസ്ഥാപിച്ചില്ലെങ്കിൽ കോൺഗ്രസ് അതിനായി പ്രതിഷേധം സംഘടിപ്പിക്കുമെന്ന് എഐസിസി സെക്രട്ടറി സഞ്ജയ് ദത്ത് മാദ്ധ്യമങ്ങൾക്ക് നൽകിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
ഫലകം പുനസ്ഥാപിക്കാമെന്ന് സംസ്ഥാന സർക്കാർ നേരത്തെ ഉറപ്പ് നൽകിയിരുന്നതാണ്. എന്നാൽ ഇത് പാലിക്കപ്പെട്ടില്ലെന്ന് വാർത്താക്കുറിപ്പിൽ പറയുന്നു. 2010 ജൂൺ 38 ന് രോഹ്താംഗ് ടണൽ പദ്ധതിക്ക് സോണിയാഗാന്ധിയാണ് തറക്കൽ ഫലകം ഇട്ടതെന്നാണ് കോൺഗ്രസ് നേതാവ് ചൂണ്ടിക്കാട്ടുന്നത്. അന്നത്തെ കോൺഗ്രസ് -യുപിഎ സർക്കാരിന്റെ സമ്മാനമായിരുന്നു രോഹ്താംഗ് ടണലെന്നും സഞ്ജയ് ദത്ത് പറയുന്നു.
മണാലിയിലേക്ക് അടുത്തിടെ താൻ നടത്തിയ സന്ദർശനത്തിൽ സാധാരണക്കാർ പോലും സോണിയാഗാന്ധിയുടെ പേര് വെച്ച ഫലകം ഒഴിവാക്കിയതിൽ തന്നോട് പരാതി പറഞ്ഞതായി സഞ്ജയ് ദത്ത് പറയുന്നു. കോൺഗ്രസ് പ്രവർത്തകർക്കിടയിലും ഇക്കാര്യത്തിൽ പ്രതിഷേധമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ചരിത്രം മായ്ച്ചുകളയാനാണ് സംസ്ഥാന സർക്കാരും കേന്ദ്രവും ശ്രമിക്കുന്നതെന്നും സഞ്ജയ് ദത്ത് ആരോപിക്കുന്നു.
കഴിഞ്ഞ വർഷം ഒക്ടോബർ മൂന്നിന് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ടണൽ ഉദ്ഘാടനം ചെയ്തത്. ഇതിന് ശേഷമാണ് ഫലകം കാണുന്നില്ലെന്ന ആരോപണവുമായി കോൺഗ്രസ് രംഗത്ത് എത്തിയത്. എന്നാൽ തറക്കല്ലിടീൽ അല്ലാതെ മറ്റൊന്നും കോൺഗ്രസ് സർക്കാർ ടണൽ നിർമാണത്തിനായി ചെയ്തില്ലെന്ന് നേരത്തെ മുതൽ ആക്ഷേപം ഉയർന്നിരുന്നു.
Comments