ജയ്പൂർ: തിരഞ്ഞെടുപ്പ് സമയത്ത് രാഷ്ട്രീയ നേതാക്കൾ മതസ്ഥലങ്ങൾ സന്ദർശിക്കുന്നത് സംബന്ധിച്ച് രാജസ്ഥാൻ ഹൈക്കോടതി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോട് വിശദീകരണം തേടി. ഇതു സംബന്ധിച്ച പൊതുതാൽപര്യ ഹർജിയിലാണ് കോടതിയുടെ നടപടി.
രാഷ്ട്രീയ പാർട്ടികളുടെ സ്ഥാനാർത്ഥികളും നേതാക്കളും തിരഞ്ഞെടുപ്പ് വിജ്ഞാപനം വന്നതിന് ശേഷം ഏതെങ്കിലും ക്ഷേത്രം, പള്ളി, , ആശ്രമം, മഠം, ആരാധനാലയങ്ങൾ എന്നിവ സന്ദർശിക്കുന്നത് വിലക്കണമെന്നാണ് ഹരജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ചീഫ് ജസ്റ്റിസ് ഇന്ദർജിത് മഹാന്തി, ജസ്റ്റിസ് വിനീത് കുമാർ മാത്തൂർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം തേടിയിരിക്കുന്നത്.
രാഷ്ട്രീയ പാർട്ടികളും അവരുടെ സ്ഥാനാർത്ഥികളും തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ജാതിയും മതവും ഉപയോഗിക്കുന്നത് വോട്ടർമാരെ അനുകൂലിക്കുന്നതിനായി മാത്രമാണ് എന്ന് ഹർജിയിൽ പറഞ്ഞിട്ടുണ്ട്. ഇതൊരു തിരഞ്ഞെടുപ്പ് ലംഘനമാണെന്നും ഹർജിയിൽ ഉന്നയിക്കുന്നു.
തിരഞ്ഞെടുപ്പ് സമയത്ത് രാഷ്ട്രീയ പാർട്ടി നേതാക്കൾ മന:പൂർവ്വം നിയമപരമായ വ്യവസ്ഥകൾ ലംഘിക്കുന്നു എന്നാണ് ഹർജിയിൽ ചൂണ്ടിക്കാട്ടിയത്. നേതാക്കൾ നിരന്തരം ക്ഷേത്രങ്ങൾ, പള്ളികൾ, മത സ്ഥാപനങ്ങൾ ആശ്രമങ്ങൾ എന്നിവ സന്ദർശിക്കുന്നു.
ഗുജറാത്ത്, കർണാടക സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ദേശീയ പാർട്ടികളുടെ പ്രസിഡന്റുമാർ ഉൾപ്പെടെയുള്ള വിവിധ പാർട്ടികളുടെ നേതാക്കൾ ഹിന്ദു ക്ഷേത്രങ്ങളും മത സ്ഥാപനങ്ങളും സന്ദർശിച്ചു. ഇതെല്ലാം അവർക്ക് അനുകൂലമായി വോട്ട് ചെയ്യണമെന്നുള്ള നേരിട്ടുള്ള അഭ്യർത്ഥനയായിരുന്നുവെന്നും ഹർജിയിൽ വ്യക്തമാക്കുന്നു.
രാഷ്ട്രീയ പാർട്ടികളും അവരുടെ നേതാക്കളും തിരഞ്ഞെടുപ്പ് നേട്ടങ്ങൾക്കായി മതസ്ഥാപനങ്ങൾ ഉപയോഗിക്കുന്നുവെന്നാണ് ഹർജിയിലെ പ്രധാന വാദം. ഇത് നിയമപ്രകാരം അനുവദിക്കാനാവില്ല. ഒരു പ്രത്യേക ജാതിക്കാരന്റെ കുടുംബപ്പേരും സ്വത്വവും വെളിപ്പെടുത്തുന്നത് തിരഞ്ഞെടുപ്പ് നിയമപ്രകാരം അനുവദനീയമല്ലെന്നും എന്നാൽ സ്ഥാനാർത്ഥികൾ അവരുടെ പേരിനൊപ്പം ജാതി സ്വത്വവും പ്രകടിപ്പിക്കുന്നുണ്ടെന്നും ഹർജിയിൽ കുറ്റപ്പെടുത്തുന്നു. തിരഞ്ഞെടുപ്പ് സംവിധാനം മെച്ചപ്പെടുത്തുന്നതിന് ആവശ്യമായ നിർദ്ദേശങ്ങൾ നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.
Comments