ലക്‌നൗ : ഒരു കൊടും കുറ്റവാളിയെ കൂടി ഏറ്റുമുട്ടലിൽ വധിച്ച് ഉത്തർപ്രദേശ് പോലീസ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലുൾപ്പെടെ പ്രതിയായ അജയ് എന്ന കാലിയ ആണ് കൊല്ലപ്പെട്ടത്. നോയിഡയിലായിരുന്നു ഏറ്റുമുട്ടൽ ഉണ്ടായത്.
സെക്ടർ 14ൽ രഹസ്യമായി താമസിച്ചുവരികയായിരുന്ന കാലിയയെക്കുറിച്ച് യുപി പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടസ്ഥാനത്തിൽ പ്രദേശത്ത് എത്തി ഇയാളെ പിടികൂടാൻ ശ്രമിക്കുന്നതിനിടെയായിരുന്നു ഏറ്റുമുട്ടൽ ഉണ്ടായത്. ഉത്തർപ്രദേശ് പോലീസിന്റെ പ്രത്യേക സംഘവും, നോയിഡ പോലീസും സംയുക്തമായാണ് കാലിയയെ പിടികൂടാൻ എത്തിയത്.
ഒളിസങ്കേതം വളഞ്ഞ പോലീസ് സംഘം കാലിയയോട് കീഴടങ്ങാൻ ആവശ്യപ്പെട്ടു. എന്നാൽ ഇതിന് കൂട്ടാക്കാതിരുന്ന ഇയാൾ പോലീസിന്റെ നേർക്ക് വെടിയുതിർക്കുകയായിരുന്നു. പോലീസും ശക്തമായി തിരിച്ചടിച്ചു. പ്രത്യാക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ കാലിയയെ ഉടൻ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു.
ഇയാളുടെ പക്കൽ നിന്നും നാടൻ തോക്കും, വെടിയുണ്ടകളും പോലീസ് പിടിച്ചെടുത്തു. ഇതിന് പുറമേ ഒളിസങ്കേതത്തിൽ നിന്നും ചുറ്റികയും വിവിധ തരത്തിലുള്ള ആണികളും പിടിച്ചെടുത്തിട്ടുണ്ട്.
ദേശീയപാത കേന്ദ്രീകരിച്ച് കവർച്ച നടത്തുന്ന സംഘത്തിന്റെ തലവനാണ് ഇയാൾ. അളളുവെച്ച് വാഹനങ്ങൾ പഞ്ചറാക്കിയ ശേഷം ആളുകളിൽ നിന്നും പണവും ആഭരണവും കവരും. സ്ത്രീകളെയും കുട്ടികളെയും ഇയാൾ ബലാത്സംഗവും ചെയ്യാറുണ്ട്.
യുപിയ്‌ക്ക് പുറമേ ഹരിയാനയിലും ഇയാൾക്കെതിരെ നിരവധി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇയാളെക്കുറിച്ച് വിവരം നൽകുന്നവർക്ക് 2.5 ലക്ഷം രൂപയാണ് പാരിതോഷികം പ്രഖ്യാപിച്ചിരുന്നത്.
Comments