പാലക്കാട് : കൂടത്തായി മോഡൽ കൊലപാതകം പാലക്കാട്ടും. ഭർത്താവിന്റെ പിതാവിനെ ഭക്ഷണത്തിൽ വിഷം നൽകി കൊല്ലാൻ ശ്രമിച്ച യുവതിയെ കോടതി അഞ്ച് വർഷം കഠിന തടവിന് ശിക്ഷിച്ചു. കരിമ്പുഴ സ്വദേശിനി ഫസീലയ്‌ക്കാണ് കോടതി ശിക്ഷ വിധിച്ചത്.
ഒറ്റപ്പാലം അഡീഷണൽ സെഷൻസ് കോടതിയുടേതാണ് നടപടി. കഠിന തടവിന് പുറമേ അര ലക്ഷം രൂപയും പിഴയും വിധിച്ചു. പിഴ അടച്ചില്ലെങ്കിൽ കൂടുതൽ കാലം തടവ് അനുഭവിക്കാനാണ് കോടതിയുടെ നിർദ്ദേശം.
2013 മുതൽ 2015 വരെയുള്ള കാലയളവിലാണ് ഫസീല ഭർതൃപിതാവ് മുഹമ്മദിന് ഭക്ഷണത്തിൽ വിഷം ചേർത്ത് നൽകിയത്. ക്ലോർപൈറിഫോസ് എന്ന വിഷം ഉപയോഗിച്ചായിരുന്നു കൊലപാതക ശ്രമം. ഭക്ഷണത്തിൽ വിഷം കലർത്തുന്നത് മുഹമ്മദ് നേരിട്ടു കണ്ടതോടെയാണ് ഫസീലയുടെ നീക്കം പിടിക്കപ്പെട്ടത്.
തുടർന്ന് പോലീസ് എത്തി ഫസീലയെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. വീട്ടിൽ നിന്നും പിടിച്ചെടുത്ത ഭക്ഷണത്തിലും, മുഹമ്മദിന്റെ ശരീരത്തിലും വിഷാംശം കണ്ടെത്തിയിരുന്നു.
ഭർത്താവിന്റെ മുത്തശ്ശിയേയും കൊലപ്പെടുത്തിയത് ഫസീലയാണ്. ഈ കേസുമായി ബന്ധപ്പെട്ട വിചാരണ കോടതിയിൽ പുരോഗമിക്കുകയാണ്. 2016 ലായിരുന്നു ഭക്ഷണത്തിൽ വിഷം നൽകി എഴുപതുകാരിയായ നബീസയെ ഫസീല കൊലപ്പെടുത്തിയത്.
















Comments