ലക്നൗ : ഉത്തർപ്രദേശിൽ പ്രതിഷേധ റാലിക്കിടെ പാക് അനുകൂല മുദ്രാവാക്യം മുഴക്കി സമാജ് വാദി പാർട്ടി നേതാക്കൾ. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. വ്യാഴാഴ്ചയായിരുന്നു സംഭവം.
സംസ്ഥാന സർക്കാരിനെതിരെ സംഘടിപ്പിച്ച പ്രതിഷേധ റാലിയിലാണ് പാക് അനുകൂല മുദ്രാവാക്യം ഉയർന്നത്. അണികളിൽ ചുവന്ന വസ്ത്രധാരിയായ ഒരാൾ പാകിസ്താൻ സിന്ദാബാദ് എന്ന മുദ്രാവാക്യം മുഴക്കുകയായിരുന്നു. അണികളിൽ ചിലർ ഇത് ഏറ്റുചൊല്ലുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അടുത്തിടെ നടന്ന ബ്ലോക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ബിജെപി വൻ ഭൂരിപക്ഷം നേടിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സർക്കാരിനെതിരെ സമാജ് വാദി പാർട്ടി പ്രതിഷേധവുമായി രംഗത്ത് എത്തിയത്.
സംഭവത്തിന്റെ ദൃശ്യങ്ങൾ സൂക്ഷ്മമായി പരിശോധിച്ച് വരികയാണെന്ന് ആഗ്രാ പോലീസ് പറഞ്ഞു. മുദ്രാവാക്യം മുഴക്കിയവരെക്കുറിച്ച് സൂചനകൾ ലഭിച്ചിട്ടുണ്ട്. അധികം വൈകാതെ ഇവരെ പിടികൂടുമെന്നും പോലീസ് വ്യക്തമാക്കി.
അതേസമയം മുദ്രാവാക്യം മുഴക്കിയത് പാർട്ടി പ്രവർത്തകരല്ലെന്നാണ് സമാജ്വാദി പാർട്ടിയുടെ വാദം. പാർട്ടിയെ മനപ്പൂർവ്വം അപകീർത്തിപ്പെടുത്താൻ ചിലർ റാലിയിൽ നുഴഞ്ഞുകയറിയതാണ്. സംഭവത്തിൽ പരാതി നൽകുമെന്നും പാർട്ടി അറിയിച്ചു.
Comments