ആലപ്പുഴ: യുപിയിൽ മികച്ച രീതിയിൽ കൊറോണ പ്രതിരോധം നടപ്പാക്കിയതിന് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പുകഴ്‌ത്തിയ പ്രധാനമന്ത്രിയെ വിമർശിച്ച് മുൻ ധനമന്ത്രി തോമസ് ഐസക്. ഒരു ജനതയുടെ മുറിവുകളിൽ ഉപ്പുപുരട്ടി രസിക്കുന്ന സാഡിസ്റ്റിന്റെ തമാശയാണ് മോദിയുടെ വാക്കുകൾ എന്നാണ് ഫേസ്ബുക്ക് പ്രതികരണത്തിൽ തോമസ് ഐസക് വിശേഷിപ്പിക്കുന്നത്. അതേസമയം കേരളത്തിൽ രോഗവ്യാപനം നിയന്ത്രിക്കുന്നതിൽ സർക്കാരിനുണ്ടായ പരാജയത്തെക്കുറിച്ചോ വീഴ്ചകളെക്കുറിച്ചോ ഒരു വാക്ക് പോലും ഫേസ്ബുക്ക് പോസ്റ്റിൽ ഇല്ല.
ഉത്തർപ്രദേശിന്റെ കൊറോണ മാനേജ്‌മെന്റ് തന്ത്രങ്ങൾ കേമമാണെന്ന മോദിയുടെ പുകഴ്‌ത്തലിന്റെ ലക്ഷ്യം തെരഞ്ഞെടുപ്പു ജയവും, അതിനുവേണ്ടി ജനങ്ങളെ കബളിപ്പിക്കലുമാണെന്ന് തോമസ് ഐസക് പറയുന്നു. ഒരു പ്രധാനമന്ത്രി ഇത്രയ്‌ക്കു ക്രൂരനാകാൻ പാടില്ലെന്നും യുപി ജനത പ്രധാനമന്ത്രിയുടെ തമാശകളാസ്വദിക്കാനുള്ള മാനസികാവസ്ഥയിലല്ല എന്ന് ബിജെപിയും മനസിലാക്കണമെന്നുമെന്നും ഐസക് കൂട്ടിച്ചേർക്കുന്നു.
രണ്ടാം തരംഗം രൂക്ഷമായിരിക്കെ ഉയർന്നുവന്ന പ്രചാരണങ്ങൾ കുത്തിപ്പൊക്കിയാണ് തോമസ് ഐസക്കിന്റെ വിമർശനം. എന്നാൽ നിലവിൽ യുപിയിൽ രോഗവ്യാപനം നിയന്ത്രണ വിധേയമായ കാര്യത്തെക്കുറിച്ച് പോസ്റ്റിൽ പരാമർശമില്ല. രോഗവ്യാപനം കുറഞ്ഞതോടെ ടൂറിസം വികസന രംഗത്ത് ഉൾപ്പെടെയുളള പദ്ധതികൾക്ക് യോഗി സർക്കാർ വീണ്ടും തുടക്കം കുറിക്കുകയും ചെയ്തു. ഇതൊക്കെ മറച്ചുവെച്ചാണ് തോമസ് ഐസക്കിന്റെ ആരോപണങ്ങൾ.
അതേസമയം കേരളത്തിലെ രോഗബാധയെക്കുറിച്ചും സർക്കാർ വീഴ്ചകളെക്കുറിച്ചും തോമസ് ഐസക് മിണ്ടുന്നില്ല. ഇന്നലെയും സംസ്ഥാനത്ത് 13773 പേർക്ക് രോഗബാധയുണ്ടായിരുന്നു. അശാസ്ത്രീയമായ രീതിയിലുളള വാരാന്ത്യ ലോക്ഡൗണിനും അനാവശ്യ നിയന്ത്രണങ്ങൾക്കും എതിരെ സംസ്ഥാനത്ത് വ്യാപാരികളിൽ നിന്നുൾപ്പെടെ വലിയ പ്രതിഷേധങ്ങളും വിമർശനങ്ങളും ഉയരുന്നുണ്ട്. രണ്ടാം തരംഗത്തിൽ രോഗവ്യാപനത്തിൽ കാര്യമായ കുറവ് വരാതിരിക്കുന്ന സംസ്ഥാനങ്ങളിൽ മുന്നിലാണ് കേരളം. രോഗവ്യാപനം നിയന്ത്രിക്കുന്നതിൽ വീഴ്ച വന്നതായി സർക്കാർ സംവിധാനങ്ങൾ തന്നെ തുറന്ന് സമ്മതിക്കുന്ന സ്ഥിതിയിലും ഇത് മറച്ചുവെച്ചാണ് ഐസക്കിന്റെ വിമർശനം.
സ്വന്തം വീട്ടിലെ മരണം മറച്ചു വെച്ച് അയൽക്കാരുടെ മുന്നിൽ മസിലു പെരുപ്പിച്ചു നിൽക്കുന്ന പ്രത്യേകതരം മാനസികാവസ്ഥയിലാണ് യോഗിയും മോദിയുമെന്നും ഐസക് പറയുന്നു. യോഗിയുടെ അഹങ്കാരത്തിന്റെയും അലംഭാവത്തിന്റെയും, ഭരണസംവിധാനത്തിന്റെ കെടുകാര്യസ്ഥതയുടെയും ദുരന്തം യുപി ജനതയുടെ കഴുത്തിൽ കാലശാപമായി ചുറ്റി മുറുകുകയാണെന്ന് പറഞ്ഞാണ് ഫേസ്ബുക്ക് പോസ്റ്റ് അവസാനിച്ചിരിക്കുന്നത്.
















Comments