ന്യൂഡൽഹി : ഇസ്ലാമിക് സ്റ്റേറ്റിൽ ചേർന്ന മലയാളി യുവതിയെ തിരികെയെത്തിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി. അഫ്ഗാൻ ജയിലിൽ കഴിയുന്ന ഐഎസ് വിധവ ആയിഷയെന്ന സോണിയാ സെബാസ്റ്റിയനെ തിരികെയെത്തിക്കണമെന്ന് ആവശ്യപ്പെട്ട് പിതാവ് സെബാസ്റ്റ്യനാണ് സുപ്രീംകോടതിയെ സമീപിച്ചത്. ആയിഷയെ തിരികെയെത്തിക്കാനുള്ള നടപടികൾ സ്വീകരിക്കാൻ കേന്ദ്രസർക്കാരിനോട് നിർദ്ദേശിക്കണമെന്നാണ് ഹർജിയിലെ ആവശ്യം.
ആയിഷയ്‌ക്കൊപ്പം മകളും അഫ്ഗാനിലെ ജയിലിൽ കഴിയുന്നുണ്ട്. 10 വയസ്സിൽ താഴെ മാത്രമാണ് കുട്ടിയുടെ പ്രായം. അതിനാൽ മാനുഷിക പരിഗണന നൽകി ഇരുവരെയും നാട്ടിൽ എത്തിക്കണമെന്നും ഹർജിയിൽ പറയുന്നു. രാജ്യത്ത് ആയിഷയ്‌ക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുള്ള യുഎപിഎ കേസിൽ വിചാരണ നേരിടാൻ അനുവദിക്കണമെന്നും ഹർജിയിൽ ആവശ്യമുണ്ട്.
അഫ്ഗാനിൽ നിന്നുള്ള അമേരിക്കൻ സൈന്യത്തിന്റെ പിന്മാറ്റവും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. ഇത് കാബൂളിലെ ജയിലിൽ കഴിയുന്നവരുടെ സുരക്ഷ അനിശ്ചിതത്വത്തിലാക്കുന്നു. അതിനാൽ ഇവരെ കേന്ദ്രസർക്കാർ രാജ്യത്ത് എത്തിക്കണം. ഇതിനെ എതിർക്കുന്ന കേന്ദ്ര നിലപാട് മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും ഹർജിയിൽ പറയുന്നുണ്ട്.
Comments