ന്യൂഡൽഹി : ലോകത്തെ ഏറ്റവും ഉയരം കൂടിയ റോഡിന്റെ നിർമ്മാണം പൂർത്തിയാക്കി ബോർഡർ റോഡ്സ് ഓർഗനൈസേഷൻ(ബിആർഒ). കിഴക്കൻ ലഡാക്കിലെ ഉംലിംഗ്ല പാസിലാണ് റോഡ് നിർമ്മിച്ചിരിക്കുന്നത്. 19,300 അടി ഉയരത്തിലാണ് റോഡ് സ്ഥിതി ചെയ്യുന്നത് എന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.
ഇതോടെ ബൊളിവിയയിലെ ഉതുറുങ്കു റോഡിന്റെ റെക്കോഡ് (18,953 അടി) മറികടന്നുകൊണ്ട് രാജ്യം ഒന്നാം സ്ഥാനത്ത് എത്തി. കിഴക്കൻ ലഡാക്കിലെ ചുമാർ സെക്ടറിലുള്ള പ്രധാനനഗരങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് 52 കിലോമീറ്റർ നീളത്തിലാണ് റോഡ് നിർമ്മിച്ചിരിക്കുന്നത്. ലേയിൽ നിന്നും ചിസുംലെ, ഡെംചോക് എന്നീ പ്രദേശങ്ങളേയും ഇത് ബന്ധിപ്പിക്കുന്നുണ്ട്.
നിരവധി പ്രതികൂല സാഹചര്യങ്ങളെ മറികടന്നാണ് ബിആർഒ റോഡ് നിർമ്മാണം പൂർത്തായക്കിയത്. തണുപ്പ് കാലത്ത് മൈനസ് 40 ഡിഗ്രി സെൽഷ്യസിലേയ്ക്ക് താപനില താഴുകയും ഓക്സിജന്റെ അളവ് കുറയുകയും ചെയ്യുന്നു. ഇതിനെയെല്ലാം നേരിട്ടുകൊണ്ടാണ് സംഘം നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്. റോഡ് നിർമ്മിച്ചതിലൂടെ പ്രദേശത്തെ സാമൂഹിക സാമ്പത്തിക സ്ഥിതി മെച്ചപ്പെടും എന്നാണ് വിലയിരുത്തൽ. ലഡാക്കിലെ ടൂറിസത്തെയും ഇത് പ്രോത്സാഹിപ്പിക്കും.
Comments