ഭോപ്പാൽ: സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ ഉന്നതവിജയം നേടിയ ഭോപ്പാൽ സ്വദേശിനി വംശിക പഥകിന്റെ വിജയത്തിന് കണ്ണീരിന്റെ നനവുണ്ട്. 99.8% മാർക്ക് വാങ്ങിയാണ് വംശിക പത്താംക്ലാസ് പരീക്ഷയിൽ വിജയം കരസ്ഥമാക്കിയത്. രാജ്യത്തിന്റെ വിവിധ കോണുകളിൽ നിന്ന് അഭിനന്ദനമെത്തുമ്പോഴും ഈ സന്തോഷം പങ്കിടാൻ വംശികയ്ക്കൊപ്പം അവളുടെ മാതാപിതാക്കളില്ല. കൊറോണ മഹാമാരിയിലാണ് വംശികയ്ക്ക് അവളുടെ മാതാപിതാക്കളെ നഷ്ടപ്പെട്ടത്.
അച്ഛൻ ജിതേന്ദ്ര കുമാർ പഥക് സാമ്പത്തിക ഉപദേഷ്ടാവായി ജോലി ചെയ്യുകയായിരുന്നു. അമ്മ സീമാ പഥക് ഒരു സ്കൂൾ ടീച്ചറായിരുന്നു. കൊറോണ രണ്ടാം തരംഗത്തിന്റെ കൊടുമുടിയിലാണ് വംശികയ്ക്ക് ഇരുവരെയും നഷ്ടപ്പെടുന്നത്. കൊറോണ പോസിറ്റീവ് ആയതിനെ തുടർന്ന് ജിതേന്ദ്രകുമാറിനെയും ,സീമാ പഥകിനെയും ഒരുമിച്ചാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
രോഗാവസ്ഥയിൽ വിഷമിക്കുമ്പോഴും അച്ഛനും അമ്മയും ആശുപത്രിയിൽ നിന്നും വംശികയെ വിളിച്ച് ധൈര്യം നൽകുമായിരുന്നു. എപ്പോഴും ശക്തയായിരിക്കണമെന്നാണ് അച്ഛൻ അവസാനമായി വംശികയോട് ഫോണിലൂടെ പറഞ്ഞത്. ഞങ്ങൾ ഉടനെ തിരിച്ചെത്തുമെന്നായിരുന്നു അമ്മയുടെ വാക്കുകൾ.
എന്നാൽ കൊറോണ മഹാമാരിയോട് പിടിച്ചുനിൽക്കാൻ വംശികയുടെ മാതാപിതാക്കൾക്ക് ആയില്ല. ഒന്നിനു പിറകേ ഒന്നായി ഇരുവരും മരിച്ചു.ഇതോടെ വംശികയുടെ ലോകം ഇരുട്ടിലേക്കായി.എന്നാൽ തന്റെ സഹോദരന് താൻ മാത്രമാണ് കരുത്ത് എന്ന തിരിച്ചറിവിൽ നിന്ന് വംശിക ജീവിതത്തിലേക്ക് തിരിച്ചുനടക്കാൻ തുടങ്ങി. സഹോദരനെ ചേർത്തുപിടിച്ച് അവൾ ജീവിച്ചു തുടങ്ങി.
അമ്മായിയും അമ്മാവനുമാണ് പിന്നീട് വംശികയ്ക്ക് എല്ലാ സഹായങ്ങളും നൽകി കൂട്ടായി നിന്നത്. സിബിഎസ്ഇ ഫലം വന്നതോടെ വംശികയുടെ ജീവതത്തിലേക്ക് വീണ്ടും ഒരു വെളിച്ചം കടന്നുവന്നു എന്നാണ് അവരും സന്തോഷം പങ്കുവെച്ചത്.
ഇംഗ്ലീഷ്, സോഷ്യൽ സയൻസ്, ജനറൽ സയൻസ്, സംസ്കൃതം എന്നീ വിഷയങ്ങളിലെല്ലാം 100 മാർക്ക് നേടിയാണ് വംശികയുടെ വിജയം. ഗണിതത്തിൽ അവൾ 97 മാർക്കും നേടിയിട്ടുണ്ട്. ഐഐടിയിൽ പോകാനും പിന്നീട് ഐഎഎസിൽ ചേരാനുമാണ് വൻഷികയ്ക്ക് ആഗ്രഹം. അച്ഛന്റെയും അമ്മയുടെയും ആഗ്രഹവും ഇതിലൂടെ സഫലീകരിക്കണമെന്നാണ് വംശിക പറയുന്നത്.
Comments