കൊച്ചി: ഇന്ന് അത്തം നാൾ. മലയാളക്കര വീണ്ടും ഒരു ഓണക്കാലത്തിലേക്ക്. സമയം തെറ്റിയാണ് ഇത്തവണ കർക്കടക മാസത്തിലേക്ക് അത്തം നാൾ കയറി വന്നത്. ഇനി അഞ്ചു ദിവസം കഴിഞ്ഞാണ് ചിങ്ങമാസം ആരംഭിക്കുന്നത്. കർക്കടകമാസത്തിലെ രാമായണ ശീലുകൾ അവസാനിക്കുന്നത് ഈ മാസം 16നാണ്. മിഥുനമാസം ഒന്നു മുതൽ പൂക്കളം ഇടുന്ന ശീലവും മലയാളിക്കുണ്ടായിരുന്നു.
മലയാള നാളുകളിലെ അത്തം ഇന്ന് ആരംഭിക്കുന്നത് രാവിലെ 8.54 മുതലാണ്. സൂര്യോദയം കഴിഞ്ഞ് ഉത്രം നക്ഷത്രം അൽപ്പനേരം കൂടിമാത്രമേ നിൽക്കുന്നുള്ളു. കൊറോണ വ്യാപനത്തിന് അയവുവരാത്ത സാഹചര്യത്തിൽ ഇക്കുറിയും മലയാളിയുടെ ഓണം വീട്ടകങ്ങളിൽ ഒതുങ്ങും. കനത്ത മഴ അത്രയധികം ബാധിക്കാതെ നിൽക്കുന്നതാണ് വിപണികൾക്ക് ആശ്വാസം നൽകുന്നത്. പരമ്പരാഗത ആഘോഷങ്ങളെല്ലാം നിയന്ത്രണങ്ങളോടെ നടത്താനാകുമെന്ന പ്രതീക്ഷയിലാണ് ലോകമെമ്പാടുമുള്ള മലയാളികൾ.
തൃപ്പൂണിത്തുറയിലെ അത്താഘോഷത്തിന് ഇന്ന് കൊടിയേറുകയാണ്. കഴിഞ്ഞ വർഷത്തെപോലെ പരമ്പരാഗത ആചാരങ്ങളിൽ ഒതുങ്ങി തന്നെയാണ് ഇത്തവണയും അത്താഘോഷം നടത്തുകയെന്നാണ് തൃപ്പൂണിത്തുറ നഗരസഭ തീരുമാനിച്ചിരിക്കുന്നത്. അത്തം നഗറിൽ ഉയർത്താനുള്ള പതാക തൃപ്പൂണിത്തുറയിലെ രാജകുടുംബത്തിന്റെ പ്രതിനിധി നിർമല തമ്പുരാനിൽ നിന്നും തൃപ്പൂണിത്തുറ നഗരസഭാദ്ധ്യക്ഷ ഇന്നലെ ഏറ്റുവാങ്ങി. ആദ്യമായാണ് ഒരു വനിത രാജകുടുംബത്തിന്റെ ചുമതലയിൽ ഇരുന്നുകൊണ്ട് അത്തം പതാക കൈമാറുന്നത്. ഇന്ന് രാവിലെ തൃപ്പൂണിത്തുറ ബോയ്‌സ് ഹൈസ്‌ക്കൂളിലാണ് പതാക ഉയർത്തൽ ചടങ്ങ് നടക്കുക. പരമ്പരാഗത കലാരൂപങ്ങളെ പ്രോത്സാഹിപ്പിക്കാനും യുവാക്കളെ പ്രോത്സാഹിപ്പിക്കാനും ഓൺലൈൻ മത്സരങ്ങളുമായി സാംസ്‌ക്കാരിക സമിതികളും ക്ലബ്ബുകളും ഇത്തവണയും പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്.
















Comments