ന്യൂഡൽഹി: രാജ്യത്തെ പ്രതിപക്ഷ സഖ്യത്തെ അത്താഴ വിരുന്നിന് ക്ഷണിക്കാൻ നീക്കവുമായി കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി. പ്രതിപക്ഷ നേതാക്കൾക്ക് ഡൽഹിയിലെത്താൻ സാധിക്കുന്നതിന് അനുസരിച്ചായിരിക്കും വിരുന്ന് ദിനം തീരുമാനിക്കുക. ശരദ് പവാർ, എം.കെ സ്റ്റാലിൻ, മമതാ ബാനർജി, ഉദ്ധവ് താക്കറെ എന്നിവരെയും എല്ലാ യുപിഎ മുഖ്യമന്ത്രിമാരെയും ക്ഷണിക്കുമെന്നാണ് വിവരം. അതേസമയം പ്രതിപക്ഷം ഒറ്റക്കെട്ടാണെന്നാണ് ഇത് തെളിയിക്കുന്നതെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു.
ഓഗസ്റ്റ് 9ന് കപിൽ സിബലിന്റെ ക്ഷണം സ്വീകരിച്ച് വിവിധ പ്രതിപക്ഷ നേതാക്കൾ അദ്ദേഹത്തിന്റെ വസതിയിൽ എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വിരുന്നിന് ക്ഷണിക്കാനുള്ള സോണിയയുടെ തീരുമാനം. കപിൽ സിബലിന്റെ അത്താഴവിരുന്നിൽ നെഹ്രു കുടുംബക്കാർ പങ്കെടുത്തില്ലെന്നതും ശ്രദ്ധേയമായിരുന്നു.
കഴിഞ്ഞയാഴ്ച രാഹുൽ വിളിച്ച വിരുന്നിന് പങ്കെടുത്ത പ്രതിപക്ഷ നേതാക്കളേക്കാൾ കൂടുതൽ പേർ കപിൽ സിബലിന്റെ വിരുന്നിൽ സാന്നിധ്യമുറപ്പിച്ചത് ചർച്ചയായിരുന്നു. എൻസിപി അദ്ധ്യക്ഷൻ ശരദ് പവാർ, ടിഎംസി നേതാവും എംപിയുമായ ഡെറക് ഒബ്രയേൻ, ആർജെഡി അദ്ധ്യക്ഷൻ ലാലുപ്രസാദ്, ഡിഎംകെയുടെ തിരുച്ചി ശിവ, ആർഎൽഡിയുടെ ജയന്ത് ചൗധരി, സമാജ്വാദി പാർട്ടി അദ്ധ്യക്ഷൻ അഖിലേഷ് യാദവ്, കോൺഗ്രസ് എംപി ശശി തരൂർ തുടങ്ങിയ നേതാക്കളാണ് കപിൽ സിബലിന്റെ വിരുന്നിൽ പങ്കെടുത്തത്.
Comments