ബെയ്ജിംഗ് : ചൈനയിൽ വീണ്ടും മഴക്കെടുതി. ശക്തമായ മഴയിലും, ഇതേ തുടർന്നുണ്ടായ പ്രളയത്തിലും 21 പേർ കൊല്ലപ്പെട്ടു. ചൈനയിലെ അഞ്ച് നഗരങ്ങൾ പൂർണമായും വെള്ളത്തിനടിയിലാണ്.
ഹുബെയ് പ്രവിശ്യയിലാണ് ഇക്കുറി മഴ കനത്ത നാശം വിതച്ചത്. പ്രവിശ്യയിലെ അഞ്ച് നഗരങ്ങളിലാണ് പ്രളയം ബാധിച്ചത്. വീടുകളിൽ വെള്ളം കയറിയതോടെ നഗരങ്ങളിലെ ആറായിരത്തോളം പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. മഴ തുടരുന്ന സാഹചര്യത്തിൽ പ്രവിശ്യയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
2,700 ഓളം വീടുകളിൽ വെള്ളം കയറിയെന്നാണ് റിപ്പോർട്ടുകൾ. വൈദ്യുതി പോസ്റ്റുകൾ തകർന്നതോടെ നഗരങ്ങളിലെ വൈദ്യുതി ബന്ധം പൂർണമായി വിച്ഛേദിച്ചു. പലയിടങ്ങളിലേക്കുമുള്ള ആശയവിനിമയവും നഷ്ടമായിട്ടുണ്ട്. നിലവിൽ നഗരങ്ങളിൽ 400 മില്ലീമീറ്റർ മഴയാണ് ലഭിക്കുന്നത്. നഗരങ്ങളിലെ റിസർവോയറുകളിൽ വെള്ളം അപകടനിലയ്‌ക്ക് മുകളിലാണ്.
കഴിഞ്ഞ മാസം ചൈനയിൽ ഉണ്ടായ പ്രളയത്തിൽ 300 പേരാണ് കൊല്ലപ്പെട്ടത്. നാല് ലക്ഷത്തോളം പേരെ മാറ്റിപ്പാർച്ചിരുന്നു. ചൈനയിലെ ഹനാൻ പ്രവിശ്യയെയാണ് കഴിഞ്ഞ തവണ പ്രളയം രൂക്ഷമായി ബാധിച്ചത്. അതേസമയം രാജ്യത്ത് കൊറോണ വൈറസ് വ്യാപനവും രൂക്ഷമാകുന്നുണ്ട്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി 200 ലധികം പേർക്കാണ് ചൈനയിൽ കൊറോണ സ്ഥിരീകരിക്കുന്നത്.
Comments