ലണ്ടൻ: വളരെ ആസൂത്രണം ചെയ്ത് നടപ്പാക്കിയ ഒരു മോഷണ കൃത്യത്തിൽ നിന്നും പിന്മാറേണ്ടിവന്ന ഇംഗ്ലണ്ട് സ്വദേശിയുടെ കഥയാണ് ഇപ്പോൾ ചർച്ചയാവുന്നത്. മോഷണത്തിൽ നിന്നും പിന്മാറാനുള്ള കാരണമാണ് കഥ വിചിത്രമാക്കുന്നത്. ഇംഗ്ലണ്ട് സ്വദേശിയായ 63 കാരൻ അലൻ സ്ലാറ്ററിയാണ് കഥയിലെ നായകൻ. കയ്യക്ഷരം മോശമായതിനാൽ വളരെ കാലമായി ആസൂത്രണം ചെയ്ത മോഷണത്തിൽ നിന്ന് അലന് പിന്മാറേണ്ടി വരികയായിരുന്നു.
ഈ വർഷം മാർച്ചിൽ ദീർഘകാലം നീണ്ടുനിന്ന പ്ലാനിങ്ങോടെ ബാങ്ക് കൊള്ളയടിക്കാൻ എത്തിയതായിരുന്നു അലൻ. ഭീഷണിക്കത്ത് കൈമാറി പണം തട്ടാനായിരുന്നു അലന്റെ നീക്കം. ഈസ്റ്റ് ബോണിലെ ബാങ്കിലെത്തിയ അലൻ ഭീഷണിക്കത്ത് ജീവനക്കാർക്ക് കൈമാറുകയും ചെയ്തു. എന്നാൽ കയ്യക്ഷരം മോശമായതിനാൽ അലൻ കവർച്ചയ്ക്കെത്തിയതാണെന്ന് ജീവനക്കാർക്ക് മനസിലായില്ല. ബാങ്കിൽ ക്ഷമയോടെ കാത്തിരുന്നെങ്കിലും അലന് മടങ്ങേണ്ടി വന്നു.
പിന്നീട് ജീവനക്കാർ കുറിപ്പ് പരസ്പരം കൈമാറി വായിച്ചതോടെയാണ് ഭീഷണിക്കത്താണിതെന്ന് എല്ലാവർക്കും മനസിലായത്. ഉടൻ തന്നെ ബാങ്ക് അധികൃതർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. ‘നിങ്ങളുടെ ജോലി തടസ്സപ്പെടുത്തില്ല, എത്രയും വേഗം 10-20 പൗണ്ട് എനിക്ക് നൽകണം. ബാങ്കിലെത്തിയ മറ്റ് ആളുകളെക്കുറിച്ച് ചിന്തിക്കുക’ എന്നായിരുന്നു കത്തിലെഴുതിയിരുന്ന സന്ദേശം.
ആദ്യ നീക്കം പരാജയപ്പെട്ടതോടെ കുറേ നാളുകൾക്ക് ശേഷം മറ്റൊരു ബാങ്കിൽ ഭീഷണിക്കത്തുമായി അലൻ എത്തി. ആദ്യത്തെ അമളി വീണ്ടും സംഭവിക്കാതിരിക്കാൻ അവിടെ നന്നാക്കി എഴുതിയ പുതിയ കത്താണ് നൽകിയത്. ഇവിടെ അലന്റെ പ്ലാൻ കൃത്യമായി ഫലിക്കുകയും ചെയ്തു. 24,000 പൗണ്ടാണ് ജീവനക്കാർ അലനെ ഭയന്ന് കൈമാറിയത്. ബാങ്കിലെ ജീവനക്കാർ പരാതി നൽകിയതോടെ സിസിടിവി ഉൾപ്പെടെ പരിശോധനയ്ക്ക് വിധേയമാക്കി. ഇതോടെ രണ്ട് ബാങ്കിലും എത്തിയത് ഒരാളാണെന്ന് തെളിയുകയായിരുന്നു.
മൂന്നാമത്തെ ബാങ്കിൽ സമാന വിദ്യയുമായി അലൻ കൊള്ളയ്ക്കെത്തി. എന്നാൽ ജീവനക്കാർ അലനെതിരെ തിരിഞ്ഞതോടെ അവിടെ നിന്നും ഇയാൾ ഓടി രക്ഷപെടുകയായിരുന്നു. പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തിൽ അലനെ പിടികൂടുകയും ചെയ്തു. മോഷണത്തിനും മോഷണ ശ്രമത്തിനും പോലീസ് കേസെടുക്കുകയും കോടതി ശിക്ഷിക്കുകയും ചെയ്തു.
Comments