ഡെറാഡൂണ്‍: ഗ്രാമപ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് കോടതി സേവനങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാക്കി ഉത്തരാഖണ്ഡ് ഹൈക്കോടതി. സ്വാതന്ത്ര്യദിനത്തില്‍ ചീഫ് ജസ്റ്റിസ് ആര് എസ് ചൗഹാന് ഇ-കോടതികള്‍ ഫ്ലാഗ് ഓഫ് ചെയ്യും.ആദ്യഘട്ടത്തില്‍ അഞ്ച് ഇ-കോടതി വാനുകളാണുണ്ടാവുക. മലയോര ജില്ലകളായ പിത്തോറഗഡ്, ചമ്പാവത്ത്, ഉത്തരകാശി, തെഹ്രി, ചമോലി എന്നിവിടങ്ങളിലാണ് മൊബൈല്‍ ഇ- കോടതികള്‍ ആരംഭിക്കുന്നത്.
കോടതിയെ സമീപിച്ച് മൊഴികളോ പരാതികളോ രേഖപ്പെടുത്താനോ ബുദ്ധിമുട്ട് അനുഭവപ്പെടുന്ന സ്ത്രീകള്‍ക്കും പ്രായമുള്ളവര്‍ക്കും സഹായം നല്‍കുന്നതിലായിരിക്കും ഇ-കോടതികള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
പൊതുജനങ്ങള്‍ക്ക് അവരുടെ വീടുകളിലിരുന്ന് തന്നെ വേഗത്തില്‍ നീതി ലഭ്യമാക്കുക എന്നതാണ് ഇമൊബൈല്‍ കോടതിയുടെ ലക്ഷ്യം. കോടതി ഉത്തരവുകള്‍ ഇ-സേവനത്തിലൂടെ എളുപ്പത്തില്‍ പരിശോധിക്കാന്‍ കഴിയുമെന്നും രജിസ്ട്രാര്‍ ജനറല്‍ ധനഞ്ജയ് ചതുര്‍വേദി പറഞ്ഞു.
ഉത്തരാഖണ്ഡ് ഹൈക്കോടതിയുടെ വെബ്സൈറ്റിലെ ലിങ്കിലൂടെ ആളുകള്‍ക്ക് ഇ -കോടതികളുടെ സേവനം തേടാം. ജഡ്ജിമാര്‍ സിവില്‍, ക്രിമിനല്‍ കേസുകള്‍ ഓണ്‍ലൈനിലൂടെ കേള്‍ക്കും. അതേസമയം വാനുകളില്‍ നിലയുറപ്പിച്ചിരിക്കുന്ന സാങ്കേതിക ടീമുകള്‍ സാക്ഷികള്‍, പരാതിക്കാര്‍, വിദഗ്ദ്ധര്‍ എന്നിവരെ വെര്‍ച്വല്‍ കോടതിക്ക് മുമ്പാകെ ഹാജരാക്കും. സാങ്കേതിക ടീമുകള്‍ ഡോക്യുമെന്റേഷനില്‍ സഹായിക്കുകയും ചെയ്യും. അന്വേഷണ ഉദ്യോഗസ്ഥര്‍ക്കും മെഡിക്കല്‍ വിദഗ്ധര്‍ക്കും വാനുകള്‍ വഴി കോടതിയില്‍ ചേരാം.
കഴിഞ്ഞ വര്‍ഷം തെലങ്കാന ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്നു സിജെ ചൗഹാന്. കൊറോണ മഹാമാരി സമയത്ത് സേവനമനുഷ്ഠിക്കുമ്പോള്‍ ആദിലാബാദിലെ ആദ്യത്തെ മൊബൈല്‍ വെര്‍ച്വല്‍ കോടതി സംവിധാനം അവതരിപ്പിച്ചിരുന്നു.
Comments