ലക്‌നൗ : 75ാം സ്വാതന്ത്ര്യദിനത്തിൽ രാജ്യത്തിനായി പോരാടിയ സ്വാതന്ത്ര്യസമര സേനാനികളെ സ്മരിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇന്ന് നാം അനുഭവിക്കുന്ന സ്വാതന്ത്ര്യം ദശലക്ഷക്കണക്കിന് പോരാളികളുടെ ജീവത്യാഗത്തിന്റെ ഫലമാണെന്ന് അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് ലക്‌നൗവിലെ വിദാൻ ഭവനിൽ ത്രിവർണപതാക ഉർത്തിയ ശേഷം ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്ന അദ്ദേഹം.
രാജ്യത്തെ എല്ലാ ജനങ്ങൾക്കും സ്വാതന്ത്ര്യദിനം ആശംസിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു. സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം ആസ്വദിക്കാൻ ഭാഗ്യം സിദ്ധിച്ചവരാണ് നാം എല്ലാവരും. ദശലക്ഷക്കണക്കിന് ആളുകളുടെ ത്യാഗത്തിന്റെ ഫലമാണ് നമുക്ക് ലഭിച്ച സ്വാതന്ത്ര്യം. ഭാരത മാതാവിനായി ജീവൻ ത്യാഗം ചെയ്ത ധീരദേശാഭിമാനികളെ ഈ ദിനത്തിൽ ഏവർക്കും ഓർക്കാമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.
സമൃദ്ധമായ ഭാരതത്തെ പടുത്തുയർത്തുന്നതിന്റെ ഭാഗമായി രാജ്യം ഒറ്റക്കെട്ടായി സ്വാതന്ത്ര്യം ആഘോഷിക്കുന്നു. സ്വാതന്ത്ര്യത്തിനായി പോരാടിയ സമരസേനാനികൾ ഇന്നും രാജ്യത്തിന്റെ പലഭാഗങ്ങളിലും ജീവിക്കുന്നു. ഇവർ ജനതയിൽ ദേശസ്‌നേഹവും അർപ്പണ മനോഭാവവും നിറയ്‌ക്കുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഝാൻസിയിലെ റാണി ലക്ഷ്മിഭായ് മുതൽ മംഗൽ പാണ്ഡെവരെയുള്ളവരുടെ നേതൃത്വത്തിൽ കൂട്ടത്തോടെയുള്ള വലിയ പോരാട്ടത്തിനാണ് ബ്രിട്ടീഷുകാർ സാക്ഷ്യംവഹിച്ചത്. സുഭാഷ് ചന്ദ്രബോസ്, സർദാർ വല്ലഭായ് പട്ടേൽ, വീർ സവർക്കർ, ഡോ ശ്യാമ പ്രസാദ് മുഖർജി തുടങ്ങിയവരുടെ പോരാട്ടം സ്വാതന്ത്ര്യസമര ചരിത്രത്തിൽ ഉത്തർപ്രദേശിന് പ്രത്യേക സ്ഥാനം നൽകിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
















Comments