ന്യൂഡൽഹി:വ്യാജ ഫോൺ കോൾ തട്ടിപ്പുകാർ വീണ്ടും സജീവമാകുന്നുവെന്ന മുന്നറിയിപ്പുമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ബാങ്ക് തട്ടിപ്പുകൾ വർദ്ധിക്കുന്നതായി ആർബിഐ. ബാങ്ക് അധികൃതർ എന്ന വ്യാജേന ഫോൺ കോൾ വഴി വിവരങ്ങൾ ചോർത്തിയാണ് തട്ടിപ്പ്.
സോഷ്യൽ എഞ്ചിനീയറിങ്ങ് രീതി വഴിയാണ് തട്ടിപ്പ് നടത്തുന്നത്. പ്രധാനബാങ്കുകൾ ഉപയോഗിക്കുന്ന ട്രോൾ ഫ്രീ നമ്പറുകളോട് സാമ്യമുള്ള മൊബൈൽ നമ്പറുകൾ ഉപയോഗിച്ചാണിത്. സൂപ്പർവൈസ്ഡ് എന്റിറ്റിയോട്(എസ്ഇ) ട്രോൾ ഫ്രീ നമ്പറിനോട് സമാനമായ ഫീച്ചറുകളാണ് ഉപയോഗിക്കുന്നതെന്ന് ആർബിഐ പറഞ്ഞു.പ്രധാന ബാങ്കുകളുടെ ട്രോൾ ഫ്രീ നമ്പറുകളോട് സാമ്യമുള്ള 800, 888, 844 ,855 തുടങ്ങിയ നമ്പറുകളിലാണ് പ്രധാനമായും കോളുകൾ വരുന്നത്. ഒറ്റ നോട്ടത്തിൽ ഇത് 1800 223 464 പോലെയുള്ള യഥാർത്ഥ നമ്പറുകളായി തെറ്റിധരിക്കപ്പെടുന്നു. ഇതാണ് തട്ടിപ്പിന് കാരണമാകുന്നത്.
ബാങ്കിൽ നിന്നാണെന്ന വ്യാജേന ഉപഭോക്താവിനെ ഫോണിൽ വിളിച്ച് തട്ടിപ്പിനാവശ്യമായ വിവരങ്ങൾ ചോർത്തുന്നതാണ് രീതി. ഉപഭോക്താവുമായി ബന്ധപ്പെടുമ്പോൾ ഡെബിറ്റ്/ ക്രഡിറ്റ് കാർഡ് വിവരങ്ങൾ, പാൻ കാർഡ് വിശദാംശങ്ങൾ,ഒടിപി മുതലായവ കൈക്കലാക്കുന്നു.പുതിയ തട്ടിപ്പിനെ കുറിച്ച് ഉപഭോക്താക്കളിൽ അവബോധം സൃഷ്ട്ടിക്കുന്നതിനായി ബാങ്കിങ്ങ് ഭീമനായ എസ്ബിഐ ഔദ്യോഗിക വെബ്സൈറ്റിൽ വിശദാംശങ്ങൾ നൽകിയിട്ടുണ്ട്. ബാങ്ക് തട്ടിപ്പുകാരെ കരുതിയിരിക്കണമെന്ന് വിവിധ ബാങ്കുകൾ അറിയിച്ചു. അജ്ഞാത കോളുകൾ വരുമ്പോൾ ബാങ്കിങ്ങ് വിവരങ്ങൾ കൈമാറാതിരിക്കാൻ ഉപഭോക്താക്കൾ പ്രത്യേകം ശ്രദ്ധിക്കണമെന്നും മുന്നറിയിപ്പ് നൽകി.
Comments