വാഷിങ്ടൺ: അഫ്ഗാനിസ്താനിലെ രക്ഷാദൗത്യം ചരിത്രത്തിലെ ഏറ്റവും പ്രയാസകരമായ നീക്കമാണെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. കാബൂൾ വിമാനത്താവളത്തിൽ നിന്നുള്ള രക്ഷാപ്രവർത്തനത്തിന്റ അന്തിമഫലം എന്താകുമെന്ന് പ്രവചിക്കാൻ കഴിയില്ലെന്നും ബൈഡൻ പറഞ്ഞു. അഫ്ഗാൻ രക്ഷാദൗത്യത്തെ അത്യന്തം അപകടകരമായതെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.
അഫ്ഗാനിസ്താനിൽ നിലവിൽ അരങ്ങേറുന്ന സംഭവവികാസങ്ങൾക്ക് സേനാ പിൻമാറ്റം കാരണമായെന്ന വിമർശനം ഏറ്റുവാങ്ങുന്നതിനിടെയാണ് ബൈഡന്റെ പരാമർശം. എന്നാൽ അഫ്ഗാനിലെ പ്രതിസന്ധി അമേരിക്കയുടെ വിശ്വാസ്യതയെ കോട്ടം തട്ടിച്ചിട്ടില്ലെന്നാണ് വിഷയത്തിൽ ബൈഡന്റെ പ്രതികരണം.
കാബൂൾ വിമാനത്താവളത്തിൽ 6,000 അമേരിക്കൻ സൈനികരാണ് സുരക്ഷയ്ക്കായി തുടരുന്നത്. 18,000 പേരെ ഇതിനോടകം അഫ്ഗാനിൽ നിന്ന് മാറ്റാനായി. അഫ്ഗാനിൽ യുഎസിനെ സഹായിക്കുകയും വേണ്ട പിന്തുണകൾ നൽകുകയും ചെയ്ത സ്വദേശികളുടെ സുരക്ഷ യുഎസിന്റെ ഉത്തരവാദിത്വമാണെന്നും ഇവരെ അമേരിക്കയിൽ എത്തിക്കുമെന്നും ബൈഡൻ ഉറപ്പുനൽകി.
അതേസമയം കാബൂളിൽ നിന്നും യുഎസ് വിമാനങ്ങളിൽ എത്തുന്ന അഫ്ഗാൻ പൗരന്മാർക്ക് പത്ത് ദിവസത്തേക്ക് താത്കാലിക അഭയം നൽകാൻ തയ്യാറാണെന്ന് യുഎഇ അറിയിച്ചിരുന്നു. അമേരിക്കയുടെ അഭ്യർത്ഥന പ്രകാരമാണ് യുഎഇയുടെ നടപടി. മറ്റ് സൗഹൃദ രാജ്യങ്ങളുമായി കൈക്കോർത്ത് രക്ഷാപ്രവർത്തനങ്ങൾ വ്യാപിപ്പിക്കുമെന്നും അമേരിക്കൻ പ്രസിഡന്റ് അറിയിച്ചു.
















Comments