തൃശൂർ: 1960 ഒളിമ്പിക്സിൽ ഇന്ത്യൻ ഫുട്ബാൾ ടീം അംഗമായിരുന്ന ഒ ചന്ദ്രശേഖരൻ അന്തരിച്ചു. ഇരിങ്ങാലക്കുട സ്വദേശിയായ ഒളിംപ്യൻ ചന്ദ്രശേഖരൻ ദീർഘകാലമായി കൊച്ചിയിലായിരുന്നു താമസം. അവിടെ വച്ചാണ് മരണം. ഇന്ത്യൻ ഫുട്ബോളിന്റെ സുവർണ കാലഘട്ടത്തിലായിരുന്നു ചന്ദശേഖരൻ പന്ത് തട്ടിയിരുന്നത്.
1962ൽ ജക്കാർത്ത ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയ ഇന്ത്യൻ ടീം അംഗമായിരുന്നു. 1964ൽ ടെൽ അവീവിൽ നടന്ന ഏഷ്യൻ കപ്പിൽ വെളളിമെഡൽ നേടിയ ദേശീയ ടീമിന്റെ ഭാഗമായിരുന്നു. 1958 മുതൽ 66 വരെ ഇന്ത്യയുടെ പ്രതിരോധ നിരയിലെ സാന്നിദ്ധ്യമായിരുന്നു. റൈറ്റ് വിങ് ബാക്ക് പൊസിഷനിലായിരുന്നു അദ്ദേഹം കളിച്ചിരുന്നത്.
1956 മുതൽ 66വരെ കാൽടെക്സിനു വേണ്ടിയും 1966 മുതൽ 73 വരെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്ക് വേണ്ടിയും ബൂട്ടു കെട്ടി. 1964ൽ സന്തോഷ് ട്രോഫി നേടിയ മഹാരാഷ്ട്ര ടീമിന്റെ നായകനായിരുന്നു. സന്തോഷ് ട്രോഫി നേടുന്ന ആദ്യ മലയാളി ക്യാപ്റ്റനായിരുന്നു അദ്ദേഹം. ഇന്ത്യയിലെ ആദ്യ പ്രൊഫഷണൽ ക്ലബായി രൂപീകരിച്ച എഫ്സി കൊച്ചിയുടെ ജനറൽ മാനേജരായിരുന്നു.
Comments