സൂപ്പർ മെഗാതാരം മോഹൻലാൽ വീണ്ടും ബോളിവുഡിലേക്ക്.ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് താരം വീണ്ടും ബോളിവുഡിലെത്തുന്നത്. ഫോക്സ് സ്റ്റാർ സ്റ്റുഡിയോസ് നിര്മ്മിക്കുന്ന മാപ്പിള ഖലാസികളുടെ കഥ പറയുന്ന ചിത്രത്തിൽ ഖലാസിയുടെ വേഷമാണ് മോഹൻലാലിന്.
പണ്ടകശാലകളിലും കപ്പൽ നിർമ്മാണശാലകളിലും തുറമുഖങ്ങളിലും പണിയെടുക്കുന്ന കരുത്തരായ മനുഷ്യരെയാണ് ഖലാസികളെന്ന് വിളിക്കുന്നത്. ഖലാസിയെന്നത് അറബി വാക്കാണ്. കടലിൽ നിന്ന് അറ്റകുറ്റപ്പണികൾക്കായി കപ്പലുകൾ തീരത്തേക്കടുപ്പിക്കുന്നതും തിരിച്ച് ഉൾക്കടലിലെത്തിക്കുന്നതുമാണ് ഖലാസികളുടെ പ്രധാന ജോലി.മാപ്പിള ഖലാസികളുടെ വീരേതിഹാസ കഥ പറയുന്ന ചിത്രം കഴിഞ്ഞ സെപ്തംബറിലാണ് വി.എ. ശ്രീകുമാർ മേനോൻ അനൗൺസ് ചെയ്തത്.
ടി.ഡി. രാമകൃഷ്ണന്റെ രചനയിലൊരുങ്ങുന്ന ചിത്രത്തിന് മിഷൻ കൊങ്കൺ എന്നാണ് അന്ന് പേരിട്ടിരുന്നത്.കൊങ്കൺ റെയിൽവേയുടെ നിർമ്മാണഘട്ടത്തിന്റെ പശ്ചാത്തലത്തിലൊരുങ്ങുന്ന ചിത്രം ഹിന്ദിയിലായിരിക്കും ചിത്രീകരിക്കുക. എല്ലാ ദക്ഷിണേന്ത്യൻ ഭാഷകളിലും ചിത്രത്തിന്റെ പതിപ്പുകളുണ്ടാകുമെന്നും നായകൻ മലയാളത്തിൽ നിന്ന് തന്നെയായിരിക്കുമെന്നും വി.എ. ശ്രീകുമാർ മേനോൻ വെളിപ്പെടുത്തിയിരുന്നു.
2002-ൽ രാംഗോപാൽ വർമ്മ സംവിധാനം ചെയ്ത കമ്പനി എന്ന ചിത്രത്തിലൂടെയായിരുന്നു മോഹൻലാലിന്റെ ബോളിവുഡ് അരങ്ങേറ്റം.ഒൻപത് വർഷങ്ങൾക്ക് ശേഷമാണ് വി.ആർ. ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ താരം വീണ്ടും ബോളിവുഡിലെത്തുന്നത്.2001-ൽ മീരാ നായർ സംവിധാനം ചെയ്ത മൺസൂൺ വെഡ്ഡിംഗ് എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച രൺദീപ് ഹൂഡയും ഈ ചിത്രത്തിൽ മോഹൻലാലിനൊപ്പം ഒരു സുപ്രധാന വേഷമവതരിപ്പിക്കുന്നുണ്ട്.
താരനിർണയം പൂർത്തിയായിവരുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് സെപ്തംബർ രണ്ടാം വാരം ആരംഭിക്കാനാണ് നീക്കം. മൂന്ന് ദിവസത്തെ ചിത്രീകരണത്തിന് ശേഷം ബ്രേക്ക് ചെയ്യുന്ന ചിത്രം സെപ്തംബർ അവസാനവാരത്തോടെ വീണ്ടും തുടങ്ങും. ഹോളിവുഡ് സാങ്കേതിക പ്രവർത്തകരായിരിക്കും ചിത്രത്തിന്റെ അണിയറയിൽ. ഹൈദരാബാദിൽ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോ ഡാഡി പൂർത്തിയാക്കിയശേഷം മോഹൻലാൽ സെപ്തംബർ ആറ് മുതൽ ഇടുക്കി കുളമാവിൽ ജിത്തുജോസഫ് സംവിധാനം ചെയ്യുന്ന 12th MAN എന്ന ചിത്രത്തിൽ ജോയിൻ ചെയ്യും. ഈ ചിത്രം പൂർത്തിയാക്കിയശേഷമാണ് മോഹൻലാൽ ബോളിവുഡ് ചിത്രത്തിൽ അഭിനയിച്ച് തുടങ്ങുന്നത്.
Comments