ന്യൂഡൽഹി: സ്വാതന്ത്ര്യ സമര പോരാട്ടത്തിലെ മറക്കാനാകാത്ത ഏട്.. കോളനി രാജ്യങ്ങളിലെ ജനങ്ങളെ പുഴുക്കളേപ്പോലെ കാണുന്ന ബ്രിട്ടീഷ് മേൽക്കോയ്മ ഭാരതീയന്റെ അക്രമ രാഹിത്യ സമരത്തോട് മാപ്പർഹിക്കാത്ത ക്രൂരത കാണിച്ച ജാലിയൻ വാലാബാഗ്. പോരാട്ട വഴികളിൽ ജീവൻ ത്യജിച്ച അസംഖ്യം സമരസേനാനികളുടെ ഓർമ്മ പുതുക്കിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നവീകരിച്ച സ്മാരകം രാജ്യത്തിന് സമർപ്പിച്ചത്.
ചരിത്ര പഠിതാക്കൾക്കും വിനോദസഞ്ചാരികൾക്കും ഒരുപോലെ പ്രയോജനപ്പെടത്തക്ക വിധത്തിലാണ് നവീകരണ പ്രവർത്തനം കേന്ദ്രസർക്കാർ നടത്തിയിരിക്കുന്നത്. ഏറെക്കാലമായി ശ്രദ്ധിക്കാതിരുന്ന സ്മാരകവും ഉദ്യാനവും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രത്യേക താൽപ്പര്യപ്രകാരമാണ് നവീകരിച്ചത്.
നവീകരണത്തിന്റെ ഭാഗമായി സ്വാതന്ത്ര്യ സമര പോരാട്ടത്തിൽ ജീവൻ ബലിയർപ്പിച്ച ഉദ്ധം സിംഗിന്റെ പ്രതിമ പ്രധാന കവാടത്തിൽ സ്ഥാപിച്ചിരിക്കുന്നു. ബലിദാനികൾക്കായി പണികഴിച്ചിരിക്കുന്ന സ്മാരകം, മോക്ഷ സ്ഥലം , അമർ ജ്യോതി എന്നിവ പുതുതായി നിർമ്മിച്ചവയാണ്. നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് തയ്യാറാക്കിയ ലൈറ്റ് ആന്റ് സൗണ്ട് ഷോ സന്ദർശകരെ ആകർഷിക്കുമെന്നതിൽ സംശയമില്ല.
സന്ദർശകർക്ക് സ്വാതന്ത്ര്യസമരത്തിലെ പോരാട്ടചരിത്രം മനസ്സിലാക്കാൻ കഴിയുന്ന തരത്തിലാണ് എല്ലാം തയ്യാറാക്കിയിരിക്കുന്നത്. മനോഹരമായ പൂന്തോട്ടവും നവീകരിച്ചതിലുൾപ്പെടും. പഞ്ചാബിന്റെ സ്വാതന്ത്ര്യ സമരപോരാട്ടത്തിലെ അവിസ്മരണീയ മൂഹൂർത്തങ്ങൾ ആലേഖനം ചെയ്ത ഹെറിട്ടേജ് ഗ്യാലറിയാണ് മറ്റൊരാകർഷണം . ജാലിയൻ വാലാ ബാഗിൽ വെടിയേറ്റ് മരിച്ചവരുടെ ചിത്രങ്ങൾ, ഒന്നാം ലോക മഹായുദ്ധത്തിൽ വീരമൃത്യ വരിച്ച ഇന്ത്യക്കാരുടെ ചിത്രങ്ങളും മറ്റൊരുഭാഗത്ത് പ്രത്യേകമായി സജ്ജീകരിച്ചിട്ടുണ്ട്.
പഞ്ചാബിന്റെ മണ്ണ് സ്വതന്ത്ര്യസമരത്തിന്റെ പോരാട്ടഭൂമിയാണെന്നും ഉചിതമായ രീതിയിൽ സ്മാരകങ്ങൾ സംരക്ഷിക്കുമെന്നും പ്രധാനമന്ത്രി ഉറപ്പു നൽകിയിരുന്നു. നിരപരാധികളുടെ രക്തം വീണ് കുതിർന്ന മണ്ണിലെ സ്മാരകം മികവാർന്ന രീതിയിലാണ് നവീകരിച്ചിട്ടുള്ളത്. ജനങ്ങൾ വീണുമരിച്ച സ്മാരകത്തിലുള്ള കിണറും നവീകരിച്ചിട്ടുണ്ട്.
ത്യാഗോജ്ജ്വലമായ ഭൂതകാലത്തെ മറന്ന് ഒരു രാഷ്‌ട്രത്തിന് അതിന്റെ ഭാവി പടുത്തുയർത്താൻ കഴിയില്ല. അതുകൊണ്ടു തന്നെ സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാർഷികം ആഘോഷിക്കുന്ന വേളയിൽ സമര പോരാളികളുടെ ത്യാഗത്തിന്റെ ഓർമ്മകൾ പുതുക്കാൻ വിപുലമായ പദ്ധതികളാണ് കേന്ദ്രസർക്കാർ തയ്യാറാക്കിയിട്ടുള്ളത്.
















Comments