ഇസ്ലാമാബാദ് : പാകിസ്താനിലെ ന്യൂനപക്ഷങ്ങളോട് ക്രൂരത തുടർന്ന് ഇമ്രാൻ സർക്കാർ. ക്രിസ്ത്യൻ പള്ളികൾ ഇടിച്ചു പൊളിച്ചു. ഭൂമി കയ്യേറി നിർമ്മിച്ചെന്ന് ആരോപിച്ചായിരുന്നു ആരാധനാലയങ്ങൾ പൊളിച്ചു നീക്കിയത്.
കറാച്ചിയിലെ ഗുജ്ജാർ നുള്ളാ മേഖലയിൽ സ്ഥിതിചെയ്തിരുന്ന പള്ളികൾക്ക് നേരെയായിരുന്നു അതിക്രമം. ഭൂമി കയ്യേറി നിർമ്മിച്ചതെന്ന് ആരോപിച്ച് നാലോളം പള്ളികൾ അധികൃതർ പൊളിച്ചു നീക്കി. വരും ദിവസങ്ങളിലും മുസ്ലീം ഇതര ആരാധനാലയങ്ങൾക്ക് നേരെ ആക്രമണം ഉണ്ടാകുമെന്നാണ് വിലയിരുത്തൽ.
150 ഓളം ആളുകൾ ഞായറാഴ്ച പ്രാർത്ഥനകൾക്കായി ഒത്തു ചേർന്നിരുന്ന പള്ളികളാണ് പൊളിച്ചു നീക്കിയതെന്ന് പ്രദേശവാസിയായ റെഹാന സൊഹൈൽ പറഞ്ഞു. ഇനി സെന്റ് ജോസഫ് പള്ളി മാത്രമാണ് മേഖലയിൽ ബാക്കിയുള്ളത്. കേവലം രണ്ട് ആഴ്ചയ്‌ക്കുള്ളിലാണ് പള്ളികൾ പൊളിച്ചതെന്നും സൊഹൈൽ വ്യക്തമാക്കി.
പൊളിച്ച പള്ളികൾക്ക് പകരമായി പുതിയ പള്ളികൾ ഭരണകൂടം നിർമ്മിച്ച് തരണമെന്ന് മറ്റൊരു പ്രദേശവാസിയായ സൊഹൈബ് ജാവേദ് പറഞ്ഞു. ഇതിന് മുൻപ് പ്രദേശത്തെ പള്ളികൾ പൊളിച്ചപ്പോൾ പുതിയവ നിർമ്മിച്ച് നൽകുമെന്നായിരുന്നു സർക്കാർ പ്രഖ്യാപനം. എന്നാൽ ഇതെല്ലാം വാക്കുകളിൽ ഒതുങ്ങിയെന്നും ജാവേദ് പറഞ്ഞു.
Comments