തൃശൂർ: വിയ്യൂർ സെൻട്രൽ ജയിൽ ചില തടവുകാർ സുഖവാസ കേന്ദ്രമാക്കുന്നുവെന്ന് ആരോപണം.തടവുകാർക്ക് കഞ്ചാവുൾപ്പടെയുള്ള ലഹരിമരുന്നും മൊബൈൽഫോണും ലഭിക്കുന്നുണ്ടെന്നും ആരോപണമുയരുന്നുണ്ട്.
അയ്യന്തോൾ ഫ്ളാറ്റ് കൊലക്കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന കോൺഗ്രസ് നേതാവ് റഷീദും ടിപി വധക്കേസ് പ്രതി കൊടിസുനിയും ജയിലിൽ ലഹരിമരുന്നും മൊബൈൽഫോണും ഉപയോഗിക്കുന്നുണ്ടെന്നാണ് കണ്ടെത്തെൽ. എന്നാൽ ഇതൊന്നും പുറം ലോകം അറിയാതെ മറച്ചുപിടിക്കുകയാണ് ചില ഉദ്യോഗസ്ഥപ്രമുഖർ.
കഴിഞ്ഞയാഴ്ചയാണ് ടിപി ചന്ദ്രശേഖരൻ കൊലക്കേലിലെ മുഖ്യപ്രതി കൊടിസുനിയുടെ കയ്യിൽ നിന്ന് സ്മാർട്ട് ഫോണും സിമ്മും കഞ്ചാവും പിടികൂടിയത്. രാത്രി ഹെഡ്സെറ്റ് ഉപയോഗിച്ച് ഫോൺ വിളിക്കുന്നതിനിടെയാണ് സാധനങ്ങൾ പിടികൂടിയത്. നേരത്തെയും ഇയാളും ടിപി വധക്കേസിലെ മറ്റ് പ്രതികളും ജയിലിൽ ഫോൺ ഉപയോഗിക്കുന്നതായി കണ്ടെത്തിയിരുന്നു. എന്നാൽ നിരന്തരമായി ഇയാൾക്കെതിരെ തെളിവുകൾ ലഭിച്ചിട്ടും ഇതുവരെയും ഒരു നടപടിയും എടുത്തിട്ടില്ല. സെല്ലിൽ ഒറ്റയ്ക്ക് പാർപ്പിച്ചിരിക്കുന്ന പ്രതിക്ക് ഇവ എവിടെ നിന്ന് ലഭിക്കുന്നുവെന്ന് സംബന്ധിച്ച് ചോദ്യങ്ങൾ ഉയരുന്നുണ്ട്. ചില ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് കൊടിസുനി ജയിലിൽ സസുഖം വാഴുന്നതെന്നാണ് പറയുന്നത്.
അതേസമയം കഴിഞ്ഞ ഓഗസ്റ്റ് 26ന് സി ബ്ലോക്കിലെ അഞ്ചാം സെല്ലിൽ കഴിയുന്ന റഷീദിൽ നിന്ന് കഞ്ചാവും മൊബൈൽ ചാർജറും പിടിച്ചെടുത്തിരുന്നു.റഷീദിന്റെ പക്കൽ നിന്നും നിരോധിത വസ്തുക്കൾ ഉൾപ്പെടെ കണ്ടെത്തിയെന്ന് അന്വേഷണസംഘം അന്നുതന്നെ ജയിൽ സൂപ്രണ്ടിന് റിപ്പോർട്ട് നൽകിയെങ്കിലും റിപ്പോർട്ട് ജയിൽ ഡിജിപിയുടെ ഓഫീസിലെത്തിയിട്ടില്ലെന്നാണ് പറയുന്നത്.
ജയിൽ രഹസ്യാന്വേഷണ വിഭാഗം നൽകിയ മുന്നറിയിപ്പിനെ തുടർന്നായിരുന്നു കൊടി സുനിയുടേയും റഷീദിന്റെയും സെല്ലുകളിൽ പരിശോധന നടത്തിയത്. പരിശോധനയ്ക്കെത്തിയ ജയിൽ ജീവനക്കാരെ റഷീദ് ഭീഷണിപ്പെടുത്തുകയും വെല്ലുവിളിക്കുകയും ചെയ്തുവെന്നും അന്വേഷണസംഘം റിപ്പോർട്ട് ചെയ്തിരുന്നു.എന്നാൽ ഈ കാര്യങ്ങളൊന്നും തന്നെ പ്രതികൾക്കെതിരെ നടപടിയെടുക്കുന്നതിന് കാരണമായില്ല. പ്രതികളെ സംരക്ഷിക്കാനായി ചില ഉദ്യോഗസ്ഥർ വിവരങ്ങൾ മറച്ചു വെയ്ക്കുകയാണെന്നും ആരോപണങ്ങൾ ഉയരുന്നുണ്ട്.
Comments