ന്യൂഡൽഹി: കശ്മീരിന്റെ പേരിൽ ഇന്ത്യയിൽ അരക്ഷിതാവസ്ഥ ഉണ്ടാക്കാനുളള താലിബാന്റെ നീക്കം മുളയിലേ നുളളാനുളള തയ്യാറെടുപ്പിലാണ് ഇന്ത്യ. കശ്മിർ മുസ്ലീങ്ങൾക്കുവേണ്ടി ശബ്ദമുയർത്തുമെന്ന താലിബാന്റെ പ്രഖ്യാപനത്തിനെതിരെ കേന്ദ്രമന്ത്രി മുക്താർ അബ്ബാസ് നഖ്വി നടത്തിയ പ്രതികരണം ഇതിന് തെളിവാണ്. അഫ്ഗാനിൽ ഇന്ത്യ നടത്തുന്ന സഹായം തുടരണമെന്ന് അഭിപ്രായപ്പെടുന്ന താലിബാൻ പക്ഷെ കശ്മീർ വിഷയത്തിൽ മറ്റൊരു നിലപാടാണ് തുടക്കം മുതൽ സ്വീകരിക്കുന്നത്. ഇത് തന്നെയാകും വരും നാളുകളിൽ അഫ്ഗാനിലെ താലിബാൻ ഭരണകൂടത്തിൽ നിന്നും ഇന്ത്യ നേരിടുന്ന പ്രധാന വെല്ലുവിളിയും.
അഫ്ഗാനിൽ ഭരണം പിടിച്ചതിനുശേഷം ആദ്യമായാണ് കശ്മിരിനെ സംബന്ധിച്ച് താലിബാന്റെ വ്യക്തമായ ഔദ്യോഗിക പ്രതികരണം വരുന്നത് . താലിബാൻ വക്താവ് സുഹൈൽ ഷഹീൽ ആണ് പ്രസ്താവനയിറക്കിയത്. ഇതിനെതിരെയാണ് ശക്തമായ പ്രതികരണവുമായി മുക്താർ അബ്ബാസ് നഖ്വി രംഗത്തെത്തിയത്. ഇന്ത്യയിലെ മുസ്ലീങ്ങളെ വെറുതെ വിടണം. മതത്തിന്റെ പേരിൽ ഭീകരത അരങ്ങേറുന്ന രാജ്യമല്ല ഇന്ത്യ. ഇവിടുത്തെ പള്ളികളിൽ വിശ്വാസികൾ വെടിയുണ്ടകളും ബോംബുകളും കൊണ്ട് കൊല്ലപ്പെടാറില്ല. ഗ്രനേഡ് എറിഞ്ഞോ ഷെൽ വർഷിച്ചോ നിരപരാധികളായ വിശ്വാസികളെ ആരും കൂട്ടക്കൊല ചെയ്യാറില്ല. നഖ് വി പറഞ്ഞു.
പെൺകുട്ടികളുടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട താലിബാൻ നിലപാടിനെയും നഖ് വി വിമർശിച്ചു. പെൺകുട്ടികൾ വിദ്യാഭ്യാസം നേടിയാൽ ഇന്ത്യയിൽ ആരും തലയോ കാലോ വെട്ടിമാറ്റാറില്ല. ഇന്ത്യയിലേയും അഫ്ഗാനിസ്താനിലെയും ഭരണസംവിധാനത്തിലും ഏറെ അന്തരമുണ്ട്. ജമ്മുകശ്മീർ ഇന്ത്യയുടെ അവിഭാജ്യഘടകവും ആഭ്യന്തര വിഷയവുമാണെന്നും മറക്കരുതെന്നും നഖ്വി താലിബാനെ ഓർമ്മിപ്പിച്ചു.
ഇവിടെ വെടിയുണ്ടകളും ബോംബുകളുമല്ല മുസ്ലീങ്ങളുടെ സുരക്ഷയ്‌ക്കായി പ്രയോഗിക്കുന്നത്.ഇന്ത്യയിലെ ഭരണഘടന അനുശാസിക്കുന്ന എല്ലാ സ്വാതന്ത്ര്യവും സുരക്ഷയും അനുഭവിക്കുന്നവരാണ് കശ്മീരിലെ മുസ്ലീം ജനത. ഇന്ത്യ പിൻതുടരുന്ന ഏക ഗ്രന്ഥം ഭരണഘടനയാണ്. കശ്മീരിലെ മുസ്ലീമിന് വേണ്ടി ശബ്ദിക്കാനും അവകാശം സംരക്ഷിക്കാനും ഇന്ത്യയിലെ മുഴുവൻ മുസ്ലീങ്ങളുമുണ്ട്. ഇന്ത്യയിലെ മുസ്ലീംങ്ങളെക്കുറിച്ചോർത്ത് താലിബാൻ കണ്ണീരൊഴുക്കേണ്ടതില്ലെന്നും കേന്ദ്രമന്ത്രി തുറന്നടിച്ചു.
കശ്മീർ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നും മറ്റൊരു രാജ്യത്തിന്റെ ഇടപെടൽ അവിടെ ആവശ്യമില്ലെന്നുമാണ് യുഎന്നിൽ അടക്കം ഇന്ത്യ സ്വീകരിച്ച ഉറച്ച നിലപാട്. ഇതിൽ അൽപം പോലും വിട്ടുവീഴ്ചയില്ലെന്നാണ് അഫ്ഗാനിലെ പുതിയ താലിബാൻ ഭരണകൂടത്തോടും ഇന്ത്യ ഇതിലൂടെ തുറന്നുപറഞ്ഞിരിക്കുന്നത്. പാകിസ്താന്റെ സമ്മർദ്ദത്തെ തുടർന്നാണ് താലിബാൻ ഇത്തരമൊരു പ്രസ്താവനയുമായി രംഗത്തു വന്നതെന്ന് സൂചനയുണ്ട്. ചൈന നിർണായക പങ്കാളിയാണെന്ന താലിബാന്റെ വാക്കുകളെയും ഇന്ത്യ സംശയത്തോടെയാണ് വീക്ഷിക്കുന്നത്.
















Comments