മുംബൈ: മഹാരാഷ്ട്രയിൽ ആരാധനാലയങ്ങൾ തുറക്കണമെന്ന് ആവശ്യപ്പെട്ട് ജനങ്ങൾ പ്രതിഷേധങ്ങൾ സംഘടിപ്പിക്കരുതെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. സംസ്ഥാനത്ത് ഡെങ്കിപ്പനിയും മലേറിയയും വ്യാപകമാകുന്നതിന്റെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ അഭ്യർത്ഥന. വിവിധ ആരോഗ്യപ്രവർത്തകരും സംസ്ഥാനത്തെ കൊറോണ ടാസ്ക് ഫോഴ്സ് അംഗങ്ങളും പങ്കെടുത്ത വെർച്വൽ യോഗത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം.
ഡെങ്കിപ്പനി, മലേറിയ അസുഖങ്ങൾ സ്ഥിരീകരിച്ചവരും രോഗ ലക്ഷണങ്ങൾ കാണിക്കുന്നവരും നിർബന്ധമായും കൊറോണ പരിശോധന നടത്തണം. എല്ലാവരും അതീവ ജാഗ്രതയോടെ തുടരേണ്ട സമയമാണിത്. ഈയവസരത്തിൽ ആരാധനാലയങ്ങൾ തുറക്കാത്തതിൽ പ്രതിഷേധവുമായി ജനങ്ങൾ മുന്നോട്ട് വരരുത്. ഇക്കൂട്ടർ ദയവായി കുറച്ച് കാലം കൂടി കാത്തിരിക്കേണ്ടതാണ്. അങ്ങനെയെങ്കിൽ തുറന്ന ആരാധനാലയങ്ങൾ വീണ്ടും കൊറോണ വ്യാപനം മൂലം അടയ്ക്കുന്ന അവസ്ഥ ഒഴിവാക്കാൻ സാധിക്കും. നിങ്ങൾക്ക് പ്രതിഷേധിച്ചാൽ മാത്രമേ മതിയാകൂവെങ്കിൽ കൊറോണയ്ക്കെതിരെ പ്രതിഷേധിക്കണ്ടതാണെന്നും മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പറഞ്ഞു.
സംസ്ഥാനത്തെ ഓരോ ജില്ലകളിലും ഓക്സിജൻ ലഭ്യതയ്ക്കനുസരിച്ചായിരിക്കും കൊറോണ നിയന്ത്രണങ്ങളിൽ ഇളവുകൾ നടപ്പിലാക്കുക. കൂടാതെ വരാനിരിക്കുന്ന മൂന്നാം തരംഗത്തെ തടയാൻ ജനങ്ങൾക്ക് എത്രമാത്രം സാധിക്കുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും മഹാരാഷ്ട്രയിൽ ഇളവുകൾ പ്രഖ്യാപിക്കുകയെന്നും ഉദ്ധവ് താക്കറെ വ്യക്തമാക്കി.
Comments