കവരത്തി: ബഹിഷ്‌കരണത്തേയും പ്രതിഷേധത്തേയും പടിക്കുപുറത്തുനിർത്തി സ്വാശ്രയത്വവും സ്ത്രീശാക്തീകരണവും കൈവരിക്കാനുള്ള പരിശ്രമത്തിലാണ് ലക്ഷ ദ്വീപിലെ ഒരുകൂട്ടം വനിതകൾ. കടൽ പായൽ കൃഷി ചെയ്ത് വരുമാനമാർഗം കണ്ടെത്താനുള്ള ശ്രമത്തിലാണവർ. ഇതിന് വേണ്ട എല്ലാ പ്രോത്സാഹനവും പിന്തുണയും നൽകിക്കൊണ്ട് ലക്ഷദ്വീപ് ഭരണകൂടവും കൂടെയുണ്ട്.
പായൽ കൃഷിയിലൂടെ ദ്വീപ് നിവാസികൾക്ക് ലാഭകരമായ ഒരു വരുമാന രീതി പരിചയപ്പെടുത്തുകയാണ് ലക്ഷദ്വീപ് ഭരണകൂടം. ദ്വീപിൽ സുലഭമായി ലഭിക്കുന്ന എഡുലിസ് എന്ന ഇനം കടൽ പായലാണ് കൃഷി ചെയ്തിരിക്കുന്നത്. മുളകൊണ്ട് നിർമ്മിച്ച ചങ്ങാടങ്ങൾ ഉപയോഗിച്ചാണ് പായൽ കൃഷി നടത്തുന്നത്. വിവിധ ദ്വീപുകളിൽ ഇതിനോടകം തന്നെ കൃഷി ആരംഭിച്ചിട്ടുണ്ട്.
ജനവാസമുള്ള ഒമ്പത് ദ്വീപുകളിലാണ് പായൽ കൃഷി ചെയ്യുന്നത്. ലക്ഷദ്വീപിലെ ഫിഷറീസ്, വനം-പരിസ്ഥിതി, ഗ്രാമവികസനം എന്നീ വകുപ്പുകളുടെ സംയുക്ത പങ്കാളിത്തത്തോടെയാണ് പദ്ധതി. 10 സ്വയം-സഹായ സംഘങ്ങളാണ് ആദ്യഘട്ടത്തിൽ കൃഷിയുടെ മേൽനോട്ടം വഹിക്കുക. ഇതിലൂടെ ദ്വീപിലെ നൂറിലധികം കുടുംബങ്ങൾക്ക് ഗുണം ലഭിക്കും. ഭക്ഷണത്തിനും മരുന്നിനും ഉപയോഗിക്കാവുന്ന തരം പായലുകളാണ് ആദ്യഘട്ടത്തിൽ കൃഷി ചെയ്യുന്നത്.
കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനമാണ് പദ്ധതിക്കുവേണ്ട സാങ്കേതിക സഹായം നൽകുന്നത്. വ്യാവസായികാടിസ്ഥാനത്തിൽ ഇവ ദ്വീപിൽ ഉൽപാദിപ്പിക്കാൻ കഴിയുമെന്ന് ഗവേഷണ സ്ഥാപനത്തിന്റെ പഠനങ്ങൾ വ്യക്തമാക്കുന്നു. ലക്ഷദ്വീപ് പായൽ കൃഷിക്ക് അനുയോജ്യമായ മണ്ണാണ്. അതിനാൽ 45 ദിവസത്തിനുള്ളിൽ തന്നെ 60 മടങ്ങ് വരെ വളർച്ച നിരക്ക് ലഭിക്കുമെന്നും ഇവരുടെ പഠനത്തിൽ പറയുന്നു.
പായൽ കൃഷിയിലൂടെ പ്രതിവർഷം 75 കോടി രൂപയുടെ കടൽ പായൽ ഉൽപാദിപ്പിക്കാൻ കഴിയുമെന്നാണ് കണക്ക് കൂട്ടൽ. മുപ്പതിനായിരം ടൺ കടൽ പായലാണ് ഉൽപാദിപ്പിക്കുക. ലക്ഷദ്വീപിന്റെ തനത് സംസ്‌കാരവും പൈതൃകവും സംരക്ഷിച്ചുകൊണ്ടുള്ള വികസന പ്രവർത്തനങ്ങളാണ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേലിന്റെ നേതൃത്വത്തിൽ നടക്കുന്നത്.















Comments