ന്യൂഡൽഹി: ഇ കൊമേഴ്സ് സ്ഥാപനങ്ങൾ ഉൾപ്പടെയുള്ളവയ്ക്ക് ഇനി ഉപഭോക്താക്കളുടെ കാർഡ് വിവരങ്ങൾ സൂക്ഷിച്ചു വെയ്ക്കാനാവില്ല. റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യയുടേതാണ് തീരുമാനം.പദ്ധതി ജനുവരിയിൽ രാജ്യവ്യാപകമായി പ്രാബല്യത്തിൽ വരും.ഓൺലൈൻ പണമിടപാട് രംഗത്ത് തട്ടിപ്പ് വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണിത്.
പുതിയ രീതി അനുസരിച്ച് ജനുവരിമുതൽ കാർഡ് വഴി പണമിടപാട് നടത്തുമ്പോൾ ഓരോ തവണയും 16 അക്ക കാർഡ് നമ്പർ, കാർഡിന്റെ കാലാവധി തീരുന്ന തിയ്യതി, സിവിവി നമ്പർ എന്നിവ നൽകണം. അതിന് പകരമായി ടോക്കണൈസേഷൻ രീതിയും ആർബിഐ മുന്നോട്ട് വെക്കുന്നുണ്ട്.
കാർഡ് നെറ്റ് വർക്ക് സ്ഥാപനങ്ങളുമായി സഹകരിച്ചുവേണം ടോക്കനൈഷേൻ പദ്ധതി പ്രാബല്യത്തിലാക്കേണ്ടത്. കാർഡ് വിവരങ്ങൾ രഹസ്യമാക്കിവെച്ച് അതിനുപകരം ടോക്കണോ കോഡോ നൽകിയാണിത് നടപ്പിലാക്കാൻ കഴിയുക. കാർഡ് ശൃഖല കൈകാര്യം ചെയ്യുന്ന വിസ,മാസ്റ്റർ കാർഡ് എന്നിവരാകും ഇത്തരത്തിൽ ടോക്കണുകൾ നൽകുക.
കാർഡ് വിശദാംശങ്ങൾ സംരക്ഷിക്കുന്നതിനെ കാർഡ് ഓൺ ഫയൽ (സിഒഎഫ്) എന്ന് വിളിക്കുന്നു. ഇതു വഴി ബാങ്കുകൾക്കും കാർഡ് നെറ്റ് വർക്കുകൾക്കും ടോക്കൺ സേവനങ്ങൾ ടോക്കൺ സേവന ദാതാക്കളായി ( ടിഎസ്പി) ആയി സേവനം നൽകാം.
സാധാരണയായി ഡെബിറ്റ്,ക്രഡിറ്റ് കാർഡ് എന്നിവ ഉപയോഗിച്ച് ഒറ്റ തവണ ഇടപാടുകൾ നടത്തിയാൽ തന്നെ ആ വിവരങ്ങൾ ഉപഭോക്താവിന്റെ അറിവോടെ സൂക്ഷിച്ച് വെയ്ക്കാൻ സാധിക്കുമായിരുന്നു.എളുപ്പത്തിൽ തുടർന്നുള്ള ഇടപാടുകൾ നടത്താൻ ഇത് സഹായകരമായിരുന്നു. എങ്കിലും ഈ രീതി കാരണം നിരവധി ആളുകൾ ഓൺലൈൻ തട്ടിപ്പിനിരയായിരുന്നു. ഇതിന് ഒരു പരിഹാരമാകും പുതിയ രീതിയെന്നാണ് ആർബിഐ കണക്ക് കൂട്ടുന്നത്.
പദ്ധതി ജനുവരിയിൽതന്നെ പ്രാബല്യത്തിൽവരുമെന്നും ഇനിയും സമയം അനുവദിക്കാനാവില്ലെന്നും ആർബിഐ ഇതിനോടകം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ ജൂലായിൽനിന്ന് ഡിസംബർവരെ സമയം നീട്ടി നൽകിയിരുന്നു.
Comments