ന്യൂഡൽഹി: രാജ്യം ഉത്സവസീസണിലേക്ക് കടക്കുന്ന സാഹചര്യത്തിൽ ഉപയോക്താക്കൾക്ക് ആശ്വാസവുമായി രാജ്യത്തെ മുൻനിരബാങ്കുകൾ. ഉപയോക്താക്കൾക്ക് കുറഞ്ഞ പലിശ നിരക്കിൽ വായ്പ ലഭ്യമാക്കിയിരിക്കുകയാണ് ബാങ്കുകൾ.രാജ്യത്തെ പൊതുമേഖല ബാങ്കിങ്ങ് ഭീമനായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും കൊട്ടക് മഹീന്ദ്രയും പഞ്ചാബ് നാഷണലും എച്ച്ഡിഎഫ്സിയുമാണ് കുറഞ്ഞ നിരക്കിൽ വായ്പ നൽകുന്നത്.
എസ്ബിഐ 6.7% പലിശ നിരക്കിലാണ് ഉപഭോക്താക്കൾക്ക് ഭവന വായ്പ നൽകുന്നത്.അതേസമയം 6.5 % ശതമാനം പലിശ നിരക്കിൽ കൊട്ടക് മഹീന്ദ്രയും ഉപഭോക്താക്കൾക്ക് ഭവനവായ്പ വാഗ്ദാനം ചെയ്യുന്നുണ്ട്. സാധാരണഗതിയിൽ ഉപഭോക്താവിന്റെ തൊഴിലിനനുസരിച്ച് വായ്പ പരിധിയിൽ മാറ്റങ്ങൾ ഉണ്ടാവാറുണ്ട്. എന്നാൽ ഉത്സവകാലത്തോടനുബന്ധിച്ച് ഉപഭോക്താവിന്റെ തൊഴിൽ വായ്പ അനുവദിക്കുന്നതിന് മാനദണ്ഡമാക്കില്ലെന്ന് എസ്ബിഐ മാനേജിങ്ങ് ഡയറക്ടർ സിഎസ് ഷെട്ടി പറഞ്ഞു.
ക്രഡിറ്റ് സ്കോറുകൾ മുൻ നിർത്തിയായിരിക്കും ഉത്സവകാലത്ത് ഉപഭോക്താവിന് വായ്പ അനുവദിക്കുകയെന്ന് സിഎസ് ഷെട്ടി കൂട്ടിച്ചേർത്തു. ഓഫറുകളുടെ ഭാഗമായി ഭവനവായ്പകളുടെ പ്രോസസിങ്ങ് ഫീസ് ഒഴിവാക്കി. ഈ ഓഫറുകൾ സെപ്തംബർ 8 മുതൽ നവംബർ 10 വരെ തുടരുമെന്ന് ഇരു ബാങ്കുകളും വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം പഞ്ചാബ് നാഷണൽ ബാങ്ക് വായ്പകൾക്ക് മേലുള്ള സർവ്വീസ് ചാർജുകൾ പൂർണമായും ഒഴിവാക്കിയിട്ടുണ്ട്. രാജ്യത്തെ സ്വകാര്യ ബാങ്കിങ്ങ് ഭീമനായ എച്ച്ഡിഎഫ്സിയും ആകർഷകമായ ഇളവുകളാണ് ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുള്ളത്.
കൊറോണമഹാമാരി തീർത്ത പ്രതിസന്ധികൾക്കിടയിൽ മുൻനിര ബാങ്കുകൾ നൽകുന്ന ഇളവുകൾ പൊതുജനത്തിന് ഏറെ സഹായകരമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Comments