മാലിന്യത്തിൽ നിന്നും വൈദ്യുതി. തമിഴ്നാട്ടിലെ ഒരു പഞ്ചായത്ത് ലോകത്തിന് തന്നെ മാതൃകയാകുന്നത് ഇങ്ങിനെയാണ്. ശിവ ഗംഗ ജില്ലയിലെ കാഞ്ഞിരങ്ങൽ പഞ്ചായത്താണ് നമുക്ക് മുൻപിൽ മാലിന്യ നിർമ്മാർജ്ജനത്തിനുള്ള ഉത്തമ ഉദാഹരണമാകുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മൻ കി ബാത്തിൽ ഇടംപിടിച്ചതോടെ ശിവഗംഗയിലെ മാലിന്യ നിർമാർജ്ജനരീതി രാജ്യത്തിന്റെ തന്നെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ്
ശിവഗംഗ ജില്ലാ കളക്ടർ പി മധുസൂദൻ റെഡ്ഡിയുടെ മനസിലാണ് ഈ ആശയം ഉദിച്ചത്. മാലിന്യങ്ങൾ നിക്ഷേപിക്കുന്നതിന് സ്ഥലമോ, സംസ്‌കരണ സംവിധാനമോ ഇല്ലാതെ പഞ്ചായത്തിലെ ജനങ്ങൾ വളരെ ബുദ്ധിമുട്ടിയിരുന്നു. ഇത് എങ്ങിനെ പരിഹരിക്കുമെന്ന ചോദ്യങ്ങളാണ് മാലിന്യത്തിൽ നിന്നും വൈദ്യുതി എന്ന ഉത്തരത്തിലേക്ക് അദ്ദേഹത്തെ എത്തിച്ചത്.
തുടർന്ന് നാഷണൽ റർബൻ മിഷന്റെ ഭാഗമായി 65 ലക്ഷം ചിലവിട്ട്
തിരുപ്പട്ടൂർ റോഡിലെ പഞ്ചായത്ത് ഓഫീസിന് എതിർവശം വൈദ്യുതി ഉത്പാദന യൂണിറ്റ് തുടങ്ങി. ഇതോടെ മാലിന്യമെന്നത് കാഞ്ഞിരങ്ങൽ പഞ്ചായത്തിന് ഒരു പ്രശ്നമല്ലാതായി. ഇത് മാത്രമല്ല നിരവധി പേർക്ക് തൊഴിൽ ലഭിക്കുന്നതിനുള്ള അവസരവും ഒരുങ്ങി.
അരസനിപ്പെട്ടി, ഇലന്തങ്കുടിപെട്ടി, കാഞ്ഞിരങ്ങൽ, കാക്കഞ്ഞി കോളനി, കാമരാജർ കോളനി, ദരസത നഗർ, തെണ്ട്രൽ നഗർ, ടി പുത്തൂർ തുടങ്ങി എട്ട് ഗ്രാമങ്ങൾ അടങ്ങിയ പഞ്ചായത്താണ് കാഞ്ഞിരങ്ങൽ. ഈ ഗ്രാമങ്ങളിലായി 14,000ത്തോളം കുടുംബങ്ങൾ അതിവസിക്കുന്നു. 600 യൂണിറ്റ് വൈദ്യുതിയാണ് പ്രതിവാരം ഇവിടെ ഉത്പാദിപ്പിക്കുന്നത്. ശരിയായ മാലിന്യനിർമ്മാർജ്ജന രീതി എന്നതിലുപരി വൈദ്യുതി ബില്ല് വലിയൊരളവു വരെ കുറയ്‌ക്കാൻ ഇതിലൂടെ ജനങ്ങൾക്ക് സാധിക്കുന്നുണ്ട്.
പഞ്ചായത്തുകളിലെ വീടുകളിൽ നിന്നായി ദിനം പ്രതി 500 കിലോയോളം മാലിന്യങ്ങളാണ് ശുചീകരണ തൊഴിലാളികൾ ശേഖരിക്കുക. ഇതിൽ നിന്നും ജൈവ അജൈവ മാലിന്യങ്ങൾ തരംതിരിക്കും. ഇതിൽ ജൈവ മാലിന്യങ്ങൾ ഉപയോഗിച്ചാണ് വൈദ്യുതി ഉത്പാദനം.
ജൈവമാലിന്യങ്ങൾ ആദ്യം ബയോഗ്യാസ് ആക്കിയാണ് മാറ്റുന്നത്. ഇത് പിന്നീട് വൈദ്യുതിയാക്കും. ഇതിന് ശേഷം ലഭിക്കുന്ന ഉപോൽപ്പന്നം വളമായി വിൽക്കും. രണ്ട് ടൺ മാലിന്യത്തിൽ 200 യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാൻ പഞ്ചായത്തിൽ സ്ഥാപിച്ചിരിക്കുന്ന വൈദ്യുതി യൂണിറ്റിന് ശേഷിയുണ്ട്.
മാലിന്യത്തിൽ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കുന്നതു വഴി 12 ലക്ഷം രൂപയാണ് വൈദ്യുതി ബില്ലിനത്തിൽ പഞ്ചായത്തിലെ ആളുകൾ ലാഭിക്കുന്നത്. ഈ പണം പഞ്ചായത്തിന്റെ വികസനത്തിനായി ഉപയോഗിക്കുന്നു.
എന്തെങ്കിലുമൊരു ലക്ഷ്യം മുൻപിൽ ഉണ്ടെങ്കിൽ അത് പൂർത്തീകരിക്കാൻ നമുക്ക് കഴിയുമെന്നതിന് ഉദാഹരണമാണ് കാഞ്ഞിരങ്ങൽ പഞ്ചായത്തെന്നാണ് പ്രധാനമന്ത്രി മൻകി ബാത്തിൽ പറഞ്ഞത്. ഈ പരാമർശത്തെ അക്ഷരാർത്ഥത്തിൽ ശരിവയ്‌ക്കുന്നതാണ് പഞ്ചായത്തിന്റെ പ്രവർത്തനങ്ങൾ.














