കൊൽക്കത്ത: ബാബുൽ സുപ്രിയോ പാർട്ടിവിട്ട് പോയതിൽ പ്രതികരണവുമായി ബംഗാൾ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി. ബിജെപി വിട്ട് തൃണമൂൽ കോൺഗ്രസിൽ ചേർന്നതിൽ പാർട്ടിക്ക് ഒരു നഷ്ടവുമില്ലെന്ന് സുവേന്ദു അധികാരി പറഞ്ഞു. ബാബുൽ സുപ്രിയോ ഒരു ജനകീയ നേതാവോ നല്ല സംഘാടകനോ അല്ല. എന്നാൽ തന്റൈ സുഹൃത്താണെന്നും സുവേന്ദു അധികാരി പറഞ്ഞു.
ടിഎംസി ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയുടേയും മുതിർന്ന നേതാവ് ഡെറിക് ഒബ്രെയിന്റെയും സാന്നിദ്ധ്യത്തിലാണ് ബാബുൽ സുപ്രിയോ തൃണമൂലിൽ അംഗത്വം സ്വീകരിച്ചത്. അതേസമയം ബാബുൽ സുപ്രിയോയുടെ രാഷ്ട്രീയമാറ്റം ബിജെപിയ്ക്ക് വലിയ ചലനങ്ങൾ ഒന്നും തന്നെ ഉണ്ടാക്കിയിട്ടില്ല. ഒരു സ്ഥിരതയില്ലാത്ത നേതാവാണ് ബാബുലെന്നാണ് ഉയരുന്ന വിമർശനങ്ങൾ.
ബാബുൽ സുപ്രിയോ ചുരുങ്ങിയ സമയം മാത്രം ജോലി ചെയ്യുന്ന ആളാണെന്നാണ് ബിജെപി നേതാവ് സമിക് ഭട്ടാചാര്യ പറഞ്ഞത്. ‘കുറച്ച് കാലം ഫുട്ബോൾ കളിച്ചു, കുറച്ച് കാലം ബാങ്കിൽ ജോലി ചെയ്തു, കുറച്ച് കാലം ഗായകനായി, കുറച്ച് കാലം ബിജെപിയ്ക്കൊപ്പവും ഉണ്ടായിരുന്നു, ഇപ്പോൾ തൃണമൂലിലും.. നോക്കാം ആർക്കാണ് കൂടുതൽ സമയം നൽകുകയെന്ന്’ സമിക് ഭട്ടാചാര്യ പരിഹസിച്ചു.
Comments