ദുബായ്: ഐ.പി.എൽ പതിനാലാം സീസണിന്റെ രണ്ടാം ഘട്ടത്തിലെ ആദ്യ മത്സരത്തിൽ ത്രസിപ്പിക്കുന്ന ജയം നേടി ധോണിയുടെ ചെന്നൈ സൂപ്പർ കിംഗ്‌സ്. ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസിനെ 20 റൺസിനാണ് ചെന്നൈ തോൽപ്പിച്ചത്. രോഹിത് ശർമ്മക്ക് പകരം കീറൻ പൊള്ളാർഡാണ് നിലവിലെ ചാമ്പ്യന്മാരായ മുംബൈയെ നയിച്ചത്.
ആദ്യം ബാറ്റ് ചെയ്ത ചെന്നൈ മുന്നോട്ട് വെച്ച 157 റൺസ് വിജയലക്ഷ്യം പന്തുടർന്ന മുംബൈ യ്‌ക്ക് നിശ്ചിത ഓവറിൽ എട്ടു വിക്കറ്റിന് 136 റൺസ് നേടാനേ സാധിച്ചുള്ളു. ഋതുരാജ് ഗെയ്ക്വാദ് നടത്തിയ തകർപ്പൻ ബാറ്റിംഗാണ് വൻ ബാറ്റിംഗ് തകർച്ചക്കിടയിലും ചെന്നൈയ്‌ക്ക് 157 എന്ന ഭേദപ്പെട്ട സ്‌കോർ സമ്മാനിച്ചത്. മറുപടിയായി മുംബൈയ്‌ക്കുവേണ്ടി ഒറ്റക്ക് പോരാടി സൗരഭ് തിവാരി പുറത്താകാതെ നേടിയ അർദ്ധസെഞ്ച്വറി(50) പക്ഷെ ജയം നേടിക്കൊടുത്തില്ല.
ചെന്നൈയുടെ ബാറ്റിംഗ് തകർച്ചയ്‌ക്ക് സമാനമായ രീതിയിൽ മുംബൈയും തകരുകയായിരുന്നു. 58 റൺസ് നേടുന്നതിനിടെ നാല് വിക്കറ്റ് വീണു. ഡീകോക്ക്(17), അൻമോൽപ്രീത്(16), സൂര്യകുമാർ(3), ഇഷാൻ കിഷൻ(11) എന്നിവരുടെ ബാറ്റിംഗ് പിഴച്ചു. അഞ്ചാം വിക്കറ്റിൽ സൗരഭ് തിവാരിക്കൊപ്പം ക്യാപ്റ്റനായ പൊള്ളാർഡ്(15) പിടിച്ചു നിന്നെങ്കിലും പുറത്തായി. ക്രുനാൽ പാണ്ഡ്യ(4), ആദം മിൽനെ(15), രാഹുൽ ചാഹർ(0) എന്നിവരും പുറത്തായി. സൗരഭ് തിവാരിക്കൊപ്പം ബുമ്ര ഒരു റൺസുമായി പുറത്താകാതെ നിന്നു.
മുംബൈയുടെ ലോകോത്തര പേസ് ബൗളർ ട്രെൻഡ് ബോൾട്ട്-മിൽനെ സഖ്യത്തിന്റെ തീപാറുന്ന പന്തുകൾക്ക് മുന്നിൽ ചെന്നൈ 24ന് 4 എന്ന നിലയിൽ തകരുകയായിരുന്നു. എന്നാൽ ഒരറ്റത്ത് വമ്പൻമാർ പുറത്തായി മടങ്ങുമ്പോഴും ഗെയ്ക് വാദ് മറ്റേ അറ്റത്ത് ഉറച്ചുനിന്നു. ഡൂപ്ലസിസ്(0), മൊയീൻ അലി(0), അമ്പാട്ടി റായിഡു(0-പരിക്കേറ്റ് പുറത്ത്), സുരേഷ് റയ്‌ന(4), ധോണി(3) എന്നിവർ പത്തോവറിനുള്ളിൽ പവലിയനിൽ തിരിച്ചെത്തി. നാല് വിക്കറ്റാണ് ബോൾട്ടും മിൽനെയും പങ്കിട്ടത്. എന്നാൽ ജഡേജ നടത്തിയ കരുതലോടെയുള്ള ബാറ്റിംഗും(26) ബ്രാവോയുടെ അവസാന ഓവറുകളിലെ വെടിക്കെട്ടും(23) ഗെയ്ക് വാദിന് വലിയ പിന്തുണയും ടീമിന് കരുത്തുമായി.















