ലണ്ടന്‍: ഓസ്‌ട്രേലിയക്കെതിരായ വനിതാ ടി20 ലോകകപ്പ് മത്സരത്തിനിടെ മുന്‍ ഇന്ത്യന്‍ നായിക ജുലന്‍ ഗോസ്വാമിയുടെ റെക്കോര്‍ഡ് മറികടന്ന് ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ദീപ്തി ശര്‍മ്മ. അന്താരാഷ്‌ട്ര വനിതാ ക്രിക്കറ്റില്‍ ഏറ്റവുമധികം വിക്കറ്റ് നേടുന്ന ഇന്ത്യന്‍ താരമെന്ന നേട്ടമാണ് ദീപ്തി സ്വന്തമാക്കിയത്. വനിതാ ടി20 ലോകകപ്പ് 2026ല്‍ ഓസ്‌ട്രേലിയക്കെതിരായ മത്സരത്തില്‍ ബെത്ത് മൂണിയെ പുറത്താക്കിയതോടെയാണ് ദീപ്തി തന്റെ 356-ാം അന്താരാഷ്‌ട്ര വിക്കറ്റ് സ്വന്തമാക്കിയത്.
ഇതോടെയാണ് ജുലന്‍ ഗോസ്വാമിയുടെ റെക്കോര്‍ഡ് മറികടന്നത്. ആഗ്ര സ്വദേശിനിയായ ദീപ്തി ടി20 അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ 168 വിക്കറ്റുകളും, ടെസ്റ്റില്‍ 22 വിക്കറ്റുകളും, ഏകദിനത്തില്‍ 166 വിക്കറ്റുകളും ഉള്‍പ്പെടെയാണ് ഈ ചരിത്രനേട്ടത്തിലെത്തിയത്.
ഇതിന് മുമ്പ് നെതര്‍ലന്‍ഡ്‌സിനെതിരായ മത്സരത്തില്‍ ഫീബി മോള്‍കന്‍ബോറിനെ പുറത്താക്കി ദീപ്തി ജുലന്‍ ഗോസ്വാമിയുടെ വിക്കറ്റ് റെക്കോര്‍ഡിനൊപ്പമെത്തിയിരുന്നു. ഓസ്‌ട്രേലിയക്കെതിരായ മത്സരത്തിലെ വിക്കറ്റോടെ ആ റെക്കോര്‍ഡ് സ്വന്തമാക്കുകയും ഇന്ത്യന്‍ വനിതാ ക്രിക്കറ്റിന്റെ ചരിത്രത്തില്‍ പുതിയ അധ്യായം കുറിക്കുകയുമായിരുന്നു.















