കൊൽക്കത്ത : ഭബാനിപൂർ മണ്ഡലത്തിൽ ബിജെപിയ്‌ക്കെതിരെ ഹിന്ദുവോട്ടുകൾ ലക്ഷ്യമിട്ട് മുഖ്യമന്ത്രി മമതാ ബാനർജി. മണ്ഡലത്തിലെ ക്ഷേത്രം സന്ദർശിച്ചാണ് മമത ഹിന്ദുക്കൾക്കിടയിൽ പ്രിയം പിടിച്ചുപറ്റാൻ ശ്രമിച്ചത് . പ്രശസ്ത സീതാല ക്ഷേത്രത്തിലാണ് മമത ദർശനം നടത്തിയത്.
തൃണമൂൽ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറിയും, അനന്തിരവനുമായ അഭിഷേക് ബാനർജിക്കൊപ്പമായിരുന്നു മമത ക്ഷേത്രത്തിൽ എത്തിയത്. പ്രത്യേക പൂജകൾ ചെയ്തായിരുന്നു മടക്കം. ക്ഷേത്രത്തിൽ മമത വിളക്കു തെളിയിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ക്ഷേത്ര സന്ദർശനത്തിന്റെ വിവരം മമത ഫേസ്ബുക്കിലും പങ്കുവെച്ചിട്ടുണ്ട്. ഇന്ന് സീതാല ക്ഷേത്രത്തിൽ എത്തി എല്ലാവരുടെയും നന്മയ്‌ക്കായി പ്രാർത്ഥിച്ചു. ദേവിയുടെ അനുഗ്രഹം ദുഷ്ടശക്തികളിൽ നിന്നും ദു:ഖങ്ങളിൽ നിന്നും നമ്മെ മോചിപ്പിക്കും. ബംഗാളിന്റെ നന്മയ്‌ക്കും, സാഹോദര്യത്തിനുമായി പ്രാർത്ഥിച്ചെന്നും മമത ഫേസ്ബുക്കിൽ കുറിച്ചു.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി മമത നേരത്തെ മണ്ഡലത്തിലെ മസ്ജിദ് സന്ദർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ക്ഷേത്രത്തിൽ എത്തുന്നത്. വർഗ്ഗീയ ശക്തികളെ തകർക്കുന്നതിനായാണ് താൻ ക്ഷേത്രത്തിലും മസ്ജിദിലും പോയതെന്നാണ് മമതയുടെ വാദം. എന്നാൽ ഹിന്ദു- മുസ്ലീം വിഭാഗീയത സൃഷ്ടിച്ച് വോട്ട് നേടുകയാണ് ലക്ഷ്യമെന്നാണ് മമതയ്‌ക്കെതിരെ ഉയരുന്ന വിമർശനം.
മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥിയായ പ്രിയങ്ക ടിബ്രേവാളിന് ശക്തമായ സ്വാധീനം ഉള്ള മണ്ഡലമാണ് ഭബാനിപൂർ. അതിനാൽ ഹിന്ദു വോട്ടുകൾ നഷ്ടമാകുമെന്ന ഭയം മമതയ്‌ക്കുണ്ട്. ഈ സാഹചര്യത്തിലാണ് ഹിന്ദു വോട്ടുകൾ പിടിക്കാനുള്ള മമതയുടെ ക്ഷേത്ര സന്ദർശനം.
















Comments