തിരുവനന്തപുരം : സംസ്ഥാനത്ത് സ്‌കൂളുകൾ തുറക്കുന്ന തീയതിയിൽ മാറ്റമില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. സ്‌കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് സമഗ്ര റിപ്പോർട്ട് തയ്യാറാക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്‌കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി ആരോഗ്യവകുപ്പും, വിദ്യാഭ്യാസവകുപ്പും ചേർന്ന യോഗത്തിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഇവർ.
രോഗവ്യാപനം ഇല്ലാതാക്കാൻ കുട്ടികൾക്ക് ബയോബബിൾ അടിസ്ഥാനത്തിൽ ക്ലാസുകൾ സംഘടിപ്പിക്കും. ആശങ്കയ്‌ക്ക് ഇടം നൽകാതെ കുട്ടികളെ സുരക്ഷിതരായി സ്‌കൂളുകളിൽ എത്തിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. സ്‌കൂളുകൾ തുറക്കുന്നതിൽ രക്ഷിതാക്കൾക്ക് ആശങ്കപ്പെടേണ്ട സാഹചര്യമില്ല. വരും ദിവസങ്ങളിൽ ഇതുമായി ബന്ധപ്പെട്ട് കൂടുതൽ ചർച്ചകൾ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
ഓൺലൈൻ ഓഫ് ലൈൻ ക്ലാസുകളാകും ഉണ്ടാകുക. പ്ലസ് വൺ പ്രവേശനത്തിന് അൺ എയ്ഡഡ് സീറ്റ് കൂട്ടും. സ്‌കൂൾ തുറക്കുമ്പോൾ ഒരു സീറ്റുപോലും ഒഴിച്ചുകിടക്കില്ലെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. ആരോഗ്യ വിദ്യാഭ്യാസ വകുപ്പിന്റെ പ്രിൻസിപ്പൽ സെക്രട്ടറിമാരാകും സമഗ്രമായ റിപ്പോർട്ട് തയ്യാറാക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Comments