ന്യൂയോർക്ക്: ഐക്യരാഷ്‌ട്രസഭയുടെ പൊതുസഭയെ അഭിസംബോധന ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ന്യൂയോർക്കിലെത്തി. വൈറ്റ് ഹൗസിൽ യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായുളള ചർച്ചയ്‌ക്കും ക്വാഡ് രാഷ്‌ട്രത്തലവൻമാരുമായുളള കൂടിക്കാഴ്ചയ്‌ക്കും ശേഷമാണ് മോദി യുഎൻ പൊതുസഭയെ അഭിസംബോധന ചെയ്യുന്നത്.
യുഎൻ പൊതുസഭയുടെ 76ാം സെക്ഷനെയാണ് പ്രധാനമന്ത്രി അഭിസംബോധന ചെയ്യുക. തീവ്രവാദത്തിനെതിരായ പോരാട്ടം, കൊറോണ മഹാമാരി, കാലാവസ്ഥാ വ്യതിയാനം, കൊറോണാനന്തര സഹകരണം തുടങ്ങിയ വിഷയങ്ങൾ നരേന്ദ്രമോദി പരാമർശിക്കും. അഫ്ഗാനിലെ താലിബാൻ സർക്കാരിനോട് ഇന്ത്യ സ്വീകരിക്കുന്ന നയപരമായ നിലപാടും ലോകരാജ്യങ്ങൾക്ക് മുൻപിൽ പ്രധാനമന്ത്രി വ്യക്തമാക്കിയേക്കും.
ഇന്ത്യയും യുഎസും തമ്മിലുളള ബന്ധത്തിലെ പുതിയ അദ്ധ്യായമാണ് മോദിയുമായുളള കൂടിക്കാഴ്ചയെന്നാണ് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പ്രതികരിച്ചത്. ലോകം നേരിടുന്ന കടുത്ത വെല്ലുവിളികൾ ഒരുമിച്ച് നിന്ന് അതിജീവിക്കാൻ ഇരുരാജ്യങ്ങളും പ്രതിജ്ഞാബദ്ധമാണെന്നും ബൈഡൻ പറഞ്ഞു. പൊതുവായ അന്താരാഷ്‌ട്ര യാത്രാ പ്രോട്ടോകോൾ ഉൾപ്പെടെയുളള നിർദ്ദേശങ്ങളാണ് ക്വാഡ് നേതാക്കൾക്ക് മുൻപിൽ പ്രധാനമന്ത്രി മുന്നോട്ടുവെച്ചത്. പൊതുവായ മാനദണ്ഡങ്ങളിൽ കൊറോണ വാക്‌സിനേഷൻ സർട്ടിഫിക്കേറ്റ് അംഗീകരിക്കുന്നതും അഫ്ഗാൻ വിഷയവും യോഗത്തിൽ ചർച്ചയായിരുന്നു.
ഇന്ത്യൻ സമയം വൈകിട്ട് 6.30 ഓടെയാണ് പ്രധാനമന്ത്രി യുഎൻ പൊതുസഭയെ അഭിസംബോധന ചെയ്യുക.
Comments