കാബൂൾ : അഫ്ഗാനിൽ ഭരണം പിടിച്ചെടുത്തതിന് പിന്നാലെ പാകിസ്താനോട് തനി നിറം കാണിച്ച് താലിബാൻ. രാജ്യത്തിന്റെ ആഭ്യന്തര വിഷയങ്ങളിൽ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ഇടപെടേണ്ട ആവശ്യമില്ലെന്ന് താലിബാൻ വ്യക്തമാക്കി. കഴിഞ്ഞ ദിവസം അഫ്ഗാനിലെ പാവ സർക്കാർ അധികകാലം ഭരണത്തിലിരിക്കില്ലെന്ന് ഇമ്രാൻ ഖാൻ പറഞ്ഞിരുന്നു. ഇതിനോടായിരുന്നു താലിബാന്റെ പ്രതികരണം.
പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനാണ് കളിപ്പാവയെന്ന് താലിബാൻ വക്താവ് പറഞ്ഞു. പാകിസ്താനിലെ ജനങ്ങൾ തെരഞ്ഞെടുത്ത പ്രധാനമന്ത്രിയല്ല ഇമ്രാൻഖാൻ. പുറത്തുനിന്നുള്ള ആരും തങ്ങളുടെ ആഭ്യന്തര വിഷയത്തിൽ ഇടപെടണമെന്നില്ല. തങ്ങൾ മറ്റുള്ള രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാറില്ല. ഇതേ സഹകരണമാണ് തിരിച്ചും പ്രതീക്ഷിക്കുന്നതെന്നും താലിബാൻ വക്താവ് പ്രതികരിച്ചു.
ഇമ്രാൻ ഖാൻ പാക് സൈന്യത്തിന്റെ കളിപ്പാവയാണെന്നാണ് ജനങ്ങൾ പറയുന്നത്. രാജ്യത്ത് ഭൂരിപക്ഷത്തിനും, ന്യൂനപക്ഷത്തിനും അവകാശങ്ങളില്ല. നിലവിലെ ഭരണത്തിൽ പാകിസ്താനിലെ ജനങ്ങൾ അതൃപ്തരാണ്. ഇതു കൊണ്ടാണ് നിലവിലെ സർക്കാർ കളിപ്പാവയാണെന്ന് ജനങ്ങൾ പറയുന്നത്.
നിരവധി പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്ന രാജ്യമാണ് പാകിസ്താൻ. അഫ്ഗാനിൽ എല്ലാവരെയും ഉൾക്കൊള്ളുന്ന സർക്കാർ വേണമെന്നാണ് ഇമ്രാൻ ഖാൻ പറയുന്നത്. എന്നാൽ ഇമ്രാൻഖാൻ അധികാരത്തിലേറിയത് പാകിസ്താനിലെ ജനങ്ങളുടെ സമ്മതത്തോടെയല്ലെന്നും താലിബാൻ കൂട്ടിച്ചേർത്തു.
Comments