കൊല്ലം : ശാസ്താംകോട്ടയിൽ പോലീസ് സ്റ്റേഷനിൽ അതിക്രമിച്ച് കയറിയ ഡിവൈഎഫ്ഐ ഗുണ്ടകൾ എസ്ഐയെ കയ്യേറ്റം ചെയ്തു. ശാസ്താംകോട്ട പോലീസ് സ്റ്റേഷനിലെ എസ്ഐ അനൂപാണ് ഡിവൈഎഫ്ഐ പ്രവർത്തകരുടെ ആക്രമണത്തിന് ഇരയായത്. ഇന്നലെ വൈകീട്ടോടെയായിരുന്നു സംഭവം.
ഡിവൈഎഫ്ഐ കുന്നത്തൂർ ബ്ലോക്ക് സെക്രട്ടറി സുധീഷ്, സന്തോഷ് വലിയപാടം എന്നിവരുടെ നേതൃത്വത്തിലുള്ള അഞ്ച് അംഗ സംഘമായിരുന്നു ആക്രമണം നടത്തിയത്. ഇന്നലെ രാവിലെ ഫോണിൽ സംസാരിച്ച് വാഹനം ഓടിച്ച ഡിവൈഎഫ്ഐ പ്രവർത്തകന് എസ്ഐ പിഴ ചുമത്തിയിരുന്നു. ഇത് ഒഴിവാക്കണമെന്ന ആവശ്യം എസ്ഐ നിരാകരിച്ചതാണ് പ്രകോപനത്തിന് ഇടയാക്കിയത്. ഡിവൈഎഫ്ഐ പ്രവർത്തകനെ പിഴ ഈടാക്കുന്നതിൽ നിന്നും ഒഴിവാക്കണമെന്ന് നേതാവ് ഫോണിൽ ബന്ധപ്പെട്ടെങ്കിലും അനൂപ് വഴങ്ങിയില്ല. ഇതോടെ സംഘം പോലീസ് സ്റ്റേഷനിലേക്ക് സംഘടിച്ച് എത്തുകയായിരുന്നു.
സിഐ ഉൾപ്പെടെയുള്ള പോലീസുകാർ നോക്കി നിൽക്കേയായിരുന്നു അനൂപിനെ ഡിവൈഎഫ്ഐക്കാർ മർദ്ദിച്ചത്. കഴുത്തിന് കുത്തിപ്പിടിച്ച ശേഷം പച്ചയ്ക്ക് കൊളുത്തുമെന്ന് ഭീഷണി മുഴക്കിയാണ് സംഘം പോലീസ് സ്റ്റേഷനിൽ നിന്നും മടങ്ങിയത്.
Comments