ലണ്ടൻ: ആരാധകർ ആകാംക്ഷയോടെ കാത്തിരുന്ന ജെയിംസ് ബോണ്ട് ചിത്രം ‘നോ ടൈം ടു ഡൈ’ ലണ്ടൻ പ്രീമിയറിൽ. ജെയിംസ് ബോണ്ടായി വേഷമിട്ട നടൻ ഡാനിയൽ ക്രെയ്ഗ് റെഡിന്റെ അഞ്ചാമത്തെയും അവസാനത്തെയും ബോണ്ട് ചിത്രമാണിത്. വ്യാഴാഴ്ചയാണ് ചിത്രം റീലിസ് ചെയ്യുന്നത്.
കഴിഞ്ഞ ദിവസം റെഡ് കാർപ്പറ്റ് വേദിയിൽ ‘നോ ടൈം ടു ഡൈ’ യുടെ പ്രീമിയർ നടന്നു. താരനിബിഢമായിരുന്ന ചടങ്ങ് കൊറോണ തുടങ്ങിയതിന് ശേഷം നടന്ന പ്രൗഢഗംഭീരമായ ചടങ്ങായി മാറി. ബ്രട്ടീഷ് രാജകുമാരൻമാരായ ചാൾസും വില്യമും ഭാര്യമാരും ഉൾപ്പെടെയുളളവർ ചടങ്ങിൽ പങ്കെടുത്തിരുന്നു.
കണ്ണഞ്ചിപ്പിക്കുന്ന പിങ്ക് വെൽവെറ്റ് ഡിന്നർ ജാക്കറ്റ് ധരിച്ചായിരുന്നു ഡാനിയൽ ക്രെയ്ഗ് വേദിയിൽ എത്തിയത്. സഹനടൻമാരായ റാമി മാലെക് , ലഷന ലിഞ്ച് , ലീ സെയ്ഡക്‌സ് എന്നിവരും പ്രതീക്ഷയോടെ കാത്തിരുന്ന സിനിമയ്‌ക്കായി വേദിയിൽ ഒന്നിച്ചു. ബോണ്ട് ചിത്രത്തിലെ നായിക അന ഡി അർമാസും പ്രീമിയറിൽ പങ്കെടുത്തു.
2006 ൽ പുറത്തിറങ്ങിയ കാസിനോ റോയൽ എന്ന ചിത്രത്തിലാണ് ഡാനിയൽ ക്രെയ്ഗ് ആദ്യമായി ജെയിംസ് ബോണ്ടായി പ്രത്യക്ഷപ്പെട്ടത്. ക്വാണ്ടം ഓഫ് സൊലേസ് (2008), സ്‌കൈഫോൾ (2012), സ്‌പെക്ടർ (2015) എന്നി ചിത്രങ്ങളാണ് ക്രെയ്ഗ് പീന്നിട് അഭിനയിച്ചത്.
നോ ടൈം ടു ഡൈ 2020 ഏപ്രിലിൽ റിലീസ് ചെയ്യാനായിരുന്നു തീരുമാനിച്ചിരുന്നത്. കൊറോണ വ്യാപനം കാരണം റിലീസ് തീയതി പല തവണ നീട്ടുകയായിരുന്നു. ഹോളിവുഡിൽ മാത്രമല്ല കേരളത്തിൽ പോലും തീയറ്ററുകൾ കാത്തിരിക്കുന്ന ചിത്രമാണ് നോ ടൈം ടു ഡൈ.
















Comments