രാജിക്കാര്യത്തിൽ മയപ്പെട്ട് സിദ്ധു; മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്താൻ തയ്യാറെന്ന് ട്വീറ്റ്

Published by
Janam Web Desk

ന്യൂഡൽഹി: പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത്ത് സിംഗ് ഛന്നിയും നവ്‌ജ്യോത് സിംഗ് സിദ്ധുവും കൂടിക്കാഴ്ച നടത്തും. ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് ഛത്തീസ്ഗഡിലാകും കൂടിക്കാഴ്ച. കൂടിക്കാഴ്ചക്കായി മുഖ്യമന്ത്രി തന്നെ ക്ഷണിച്ചിട്ടുണ്ടെന്ന് സിദ്ധു ട്വീറ്റ് ചെയ്തിട്ടുണ്ട്. ‘കൂടിക്കാഴ്ചക്കായി മുഖ്യമന്ത്രി എന്നെ ക്ഷണിച്ചിട്ടുണ്ട്. ഛത്തീസ്ഗഡിലെ പഞ്ചാബ്ഭവനിൽ വൈകിട്ട് മൂന്ന് മണിക്കാണ് കൂടിക്കാഴ്ച. ഏത് തരം ചർച്ചകളേയും സ്വാഗതം ചെയ്യുമെന്നാണ് അദ്ദേഹം പറഞ്ഞത്’ സിദ്ധു ട്വീറ്റിൽ പറയുന്നു. രാജിക്കാര്യത്തിൽ സിദ്ധു ഒത്തുതീർപ്പിന് വഴങ്ങുന്നുവെന്നതിന്റെ സൂചനയാണിത്. രാജിപിൻവലിക്കുന്ന കാര്യത്തിൽ എത്രയും വേഗം തീരുമാനം അറിയിക്കണമെന്നും, അല്ലാത്ത പക്ഷം പുതിയ പിസിസി അധ്യക്ഷനെ തിരഞ്ഞെടുക്കുമെന്നും സിദ്ധുവിന് ഹൈക്കമാൻഡ് അന്ത്യശാസനം നൽകിയിരുന്നു.

സിദ്ധുവിനെ അനുനയിപ്പിക്കണമെന്നും, രാജി പിൻവലിപ്പിക്കണമെന്നും ചരൺജിത്ത് സിംഗ് ഛന്നിക്ക് ഹൈക്കമാൻഡ് ആദ്യഘട്ടത്തിൽ നിർദ്ദേശം നൽകിയിരുന്നു. എന്നാൽ പിന്നീട് ഹൈക്കാൻഡ് നിലപാട് കടുപ്പിച്ചു. അനുനയ ചർച്ചയുമായി കോൺഗ്രസ് ഹൈക്കമാൻഡ് എഐസിസി ജനറൽ സെക്രട്ടറി ഹരീഷ് റാവത്തിനെ ചണ്ഡിഗഢിലേക്ക് അയക്കാൻ തീരമാനിച്ചെങ്കിലും പിന്നീട് അത് ഉപേക്ഷിച്ചു. രാജിക്കാര്യത്തിൽ എത്രയും വേഗം നിലപാട് അറിയിക്കണമെന്ന അന്ത്യശാസനവും നൽകി. തന്റെ നിലപാടുകൾക്ക് പിന്തുണ ലഭിക്കില്ലെന്ന രീതിയിലേക്ക് കാര്യങ്ങൾ എത്തിയതോടെയാണ് സിദ്ധു രാജിക്കാര്യത്തിൽ മയപ്പെട്ടത്.

Share
Leave a Comment