ന്യൂഡൽഹി: ആഭ്യന്തരമന്ത്രി അമിത് ഷായുമായുള്ള കൂടിക്കാഴ്‌ച്ചയ്‌ക്ക് പിന്നാലെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായും കൂടിക്കാഴ്‌ച്ച നടത്തി പഞ്ചാബ് മുൻ മുഖ്യമന്ത്രി അമരീന്ദർ സിംഗ്. ഡൽഹിയിലെ അജിത് ഡോവലിന്റെ വസതിയിലെത്തിയായിരുന്നു കൂടിക്കാഴ്‌ച്ച. അമിത് ഷായുമായുള്ള സന്ദർശനത്തിൽ കോൺഗ്രസിൽ പൊരുത്തക്കേട് തുടരുന്നതിനിടെയാണ് ഡോവലുമായുള്ള ക്യാപ്റ്റന്റെ കൂടിക്കാഴ്‌ച്ച. കോൺഗ്രസിൽ നിന്നും രാജിവെച്ച് ബിജെപിയിൽ ചേരുമെന്ന അഭ്യൂഹങ്ങളും ഉയരുന്നുണ്ട്.
ഇന്നലെ വൈകിട്ടോടെയാണ് അമരീന്ദർ സിംഗ് അമിത്ഷായുടെ വസതിയിലെത്തിയത്. കാർഷിക നിയമങ്ങൾക്കെതിരെ നടക്കുന്ന പ്രതിഷേധത്തെ കുറിച്ചാണ് തങ്ങൾ സംസാരിച്ചതെന്ന് അമരീന്ദർ സിംഗ് കൂടിക്കാഴ്‌ച്ചയ്‌ക്ക് ശേഷം പ്രതികരിച്ചിരുന്നു. ഒരു മണിക്കൂറോളം നേരം കൂടിക്കാഴ്‌ച്ച നീണ്ടിരുന്നു. കർഷകരുടെ പ്രശ്‌നങ്ങൾ അടിയന്തിരമായി പരിഹരിക്കുമെന്ന് അമിത്ഷാ അദ്ദേഹത്തിന് ഉറപ്പും നൽകി.
പഞ്ചാബ് പ്രദേശ് കോൺഗ്രസ് കമ്മിറ്റി (പിപിസിസി) അദ്ധ്യക്ഷനായിരുന്ന നവജ്യോത് സിംഗ് സിദ്ധുവുമായുള്ള അഭിപ്രായ ഭിന്നതകളെ തുടർന്നാണ് ക്യാപ്റ്റൻ അമരീന്ദർ സിംഗ് പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചത്. രാജിയ്‌ക്ക് പിന്നാലെ മാദ്ധ്യമങ്ങളെ കണ്ട അദ്ദേഹം കോൺഗ്രസ് ഹൈക്കമാൻഡിന്റെ പെരുമാറ്റത്തിൽ താൻ തികച്ചും അപമാനിതനായെന്നും വെളിപ്പെടുത്തിയിരുന്നു.
ഇക്കഴിഞ്ഞ 18ാം തീയതിയാണ് അമരീന്ദർ സിംഗ് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചത്. മുഖ്യമന്ത്രിയായി അമരീന്ദർ സിംഗ് തുടരുന്നതിൽ അതൃപ്തി അറിയിച്ച് നവജോത് സിംഗ് സിദ്ധുവിനെ പിന്തുണയ്‌ക്കുന്ന 40 എംൽഎമാർ നേതൃത്വത്തിന് കത്ത് നൽകിയിരുന്നു. ഇതോടെയാണ് നേതൃത്വം സിദ്ധുവിന്റെ അടുപ്പക്കാരൻ കൂടിയായ ചരൺജീത് സിംഗ് ചന്നിയെ പുതിയ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്.
Comments