ന്യൂഡൽഹി: പഞ്ചാബിലെ രാഷ്‌ട്രീയ നാടകങ്ങൾക്കിടെ വിവാദങ്ങളിൽ നിന്ന് തന്റെ പേര് ഒഴിവാക്കണമെന്ന് അഭ്യർഥിച്ച് ഇന്ത്യൻ ദേശീയ ഫുട്‌ബോൾ ടീം ഗോൾ കീപ്പർ അംരീന്ദർ സിങിന്റെ ട്വീറ്റ്. പഞ്ചാബ് മുൻമുഖ്യമന്ത്രിയെ കുറിച്ചുളള പോസ്റ്റിൽ തന്റെ പേര് ടാഗ് ചെയ്യരുതെന്ന അഭ്യർഥിച്ച് കൊണ്ടാണ് താരത്തിന്റെ ട്വീറ്റ്.
പ്രിയപ്പെട്ട മാധ്യങ്ങളെ, മാധ്യമപ്രവർത്തകരേ. ഞാൻ അംരീന്ദർ സിങ്, ഇന്ത്യൻ ഫുട്‌ബോൾ ടീമിന്റെ ഗോൾകീപ്പർ, പഞ്ചാബ് മുൻ മുഖ്യമന്ത്രിയല്ല. ദയവായി എന്നെ ടാഗ് ചെയ്യുന്നത് നിർത്തുക എന്നാണ് അദ്ദേഹത്തിന്റെ ട്വീറ്റ്.
പഞ്ചാബ് മുൻ മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങിന്റെ പേരിനോടുളള സാമ്യമാണ് ഗോൾകീപ്പർക്ക് വിനയായത്. സംസ്ഥാനത്തെ രാഷ്‌ട്രീയ പരിതസ്ഥിതിയുടെ പശ്ചാത്തലത്തിൽ ക്യാപ്റ്റൻ അമരീന്ദർ സിങ് വാർത്തകളിലും സമൂഹമാധ്യമങ്ങളിലും നിറഞ്ഞു നിൽക്കുകയാണ്. എന്നാൽ രാഷ്‌ട്രീയവുമായി യാതൊരു വിധത്തിലുളള ബന്ധം ഗോൾകീപ്പർക്കില്ല.
രണ്ട് പോരുടെയും വേരിഫൈഡ് പ്രൊഫൈലുകളാണ്. പഞ്ചാബ് മുൻ മുഖ്യമന്ത്രിയുടെ ട്വിറ്റർ ഹാന്റിൽ ക്യാപ്റ്റൻ അമരീന്ദർ സിങ് എന്നാണ്. എന്നാൽ ഗോൾകീപ്പറുടേത് അംരീന്ദർ സിങ ആണ്. ഫുട്‌ബോൾ താരത്തിന്റെ അഭ്യർഥന അംഗീകരിച്ച് ക്യാപ്റ്റൻ അമരീന്ദർ സിങ് റീട്വീറ്റ് ചെയ്തു. എന്റെ യുവ സുഹൃത്തേ, ഞാൻ നിങ്ങളോട് സഹതപിക്കുന്നു. താങ്കളുടെ ഭാവിയിലെ മത്സരങ്ങൾക്ക് ആശംസകൾ നേരുന്നു എന്നായിരുന്നു ക്യാപ്റ്റന്റെ മറുപടി.
















Comments