ന്യൂഡൽഹി: ഇന്ത്യ സമ്പൂർണ വാക്സിനേഷൻ ലക്ഷ്യത്തിലേക്ക് അടുക്കുന്നു. രാജ്യത്തെ മുഴുവൻ ജനസംഖ്യയുടെ 70 ശതമാനത്തിലധികം ആളുകൾ ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ വ്യക്തമാക്കി. കണക്കുകൾ പ്രകാരം രാജ്യത്തെ 100 പേരിൽ 70 പേർക്ക ആദ്യ ഡോസ് വാക്സിൻ ലഭിച്ചു കഴിഞ്ഞു.
കൊറോണ മഹാമാരിക്കെതിരെയുള്ള യുദ്ധത്തിൽ രാജ്യം പുതിയ നാഴികക്കല്ല് പിന്നിട്ടതായി മന്ത്രി ട്വിറ്ററിൽ കുറിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ടാഗ് ചെയ്താണ് ആരോഗ്യമന്ത്രി ട്വിറ്ററിൽ രാജ്യത്തിന്റെ നേട്ടത്തെ കുറിച്ച് പരാമർശിച്ചത്.
അതേ സമയം രാജ്യത്തിന്റെ വാക്സിനേഷൻ യജ്ഞത്തിന്റെ ഭാഗമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം സംഘടിപ്പിക്കുന്ന മത്സരത്തെ കുറിച്ച് മന്ത്രി പൊതു ജനത്തെ ഓർമ്മിപ്പിച്ചു. 100 കോടി ഡോസ് കൊറോണ വാക്സിൻ വിതരണം പിന്നിടുന്നതിന്റെ ഭാഗമായാണ് മത്സരം. 100 കോടി ഡോസ് എന്ന സുപ്രധാന നാഴികക്കല്ല് പിന്നിടുന്ന അവസരത്തിൽ അത് അടയാളപ്പെടുത്തുന്നതിനായി പുതിയ ലോഗോ നിർദേശിക്കാനാണ് മന്ത്രി ആവശ്യപ്പെട്ടത്.
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കു പ്രകാരം സർക്കാർ ഇതുവരെ 90.79 കോടി വാക്സിൻ ഡോസുകൾ രാജ്യത്ത് വിതരണം ചെയ്തിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് മൊത്തം 23,46,176 ഡോസുകൾ വിതരണം ചെയ്യാനായി.വാക്സിൻ യജ്ഞം ആരംഭിച്ച് 104 ദിവസത്തിനുള്ളിൽ തന്നെ 59.3 കോടിയിലധികം ഡോസുകൾ നൽകി. ലോകത്തിലെ ഏറ്റവും വലിയ സൗജന്യ വാക്സിനേഷൻ ഡ്രൈവ് എന്നാണ് രാജ്യത്തെ വാക്സിൻ വിതരണ യജ്ഞത്തെ ലോകരാജ്യങ്ങൾ വിശേഷിപ്പിക്കുന്നത്.
കഴിഞ്ഞ 200 ദിവസത്തിനിടെ ഏറ്റവും കുറവ് കൊറോണ വൈറസ് ബാധയാണ് ഇന്നലെ രാജ്യത്ത് റിപ്പോർട്ട് ചെയ്തത് രാജ്യത്ത് വാക്സിനേഷൻ വിജയകരമാണന്നതിന്റെ തെളിവാണ് ഇതെന്ന് മന്ത്രി വ്യക്തമാക്കി.
Comments