ന്യൂഡൽഹി : രാജ്യത്ത് കൊറോണ പ്രതിദിന രോഗികളുടെ എണ്ണം 20,000 ൽ താഴെയായി. കഴിഞ്ഞ 24 മണിക്കൂറിനിടെ 18,346 പുതിയ കേസുകൾ മാത്രമാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ 209 ദിവസത്തിനിടെ ആദ്യമായാണ് പ്രതിദിന രോഗികളുടെ എണ്ണം ഇത്രയും കുറയുന്നത്.
രാജ്യത്ത് ഇതുവരെ 3,38,53,048 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഇതിൽ 3,31,50,886 പേർ രോഗമുക്തരായി. കഴിഞ്ഞ 24 മണിക്കൂറിനിടെ 29,639 പേരാണ് രോഗമുക്തി നേടിയത്. നിലവിൽ 2,52,902 പേർ രാജ്യത്ത് ചികിത്സയിൽ കഴിയുന്നുണ്ടെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നത്.
കൊറോണ പ്രതിരോധത്തിൽ രാജ്യം നിർണായക നേട്ടം സ്വന്തമാക്കിയെന്നാണ് പ്രതിദിന രോഗികളുടെ എണ്ണത്തിലെ കുറവ് സൂചിപ്പിക്കുന്നത്. 8850 കേസുകൾ കേരളത്തിൽ നിന്നുള്ളതാണെന്നത് ഒഴിച്ചാൽ പതിനായിരത്തിനോട് അടുത്ത് മാത്രമാണ് മറ്റ് സംസ്ഥാനങ്ങളിലെ ആകെ പ്രതിദിന കേസുകൾ. രാജ്യത്തിന്റെ കൊറോണ പ്രതിരോധം മികച്ചതാണെന്ന് ടിപിആർ ശതമാനവും വ്യക്തമാക്കുന്നു.
97.93 ആണ് രാജ്യത്തെ രോഗമുക്തി നിരക്ക്. 1.66 ശതമാനമാണ് പ്രതിവാര ടിപിആർ. കഴിഞ്ഞ 102 ദിവസമായി ടിപിആർ മുന്നിൽ താഴെയായി തുടരുകയാണ്. 1.61 ആണ് പ്രതിദിന ടിപിആർ. വാക്സിനേഷൻ ആരംഭിച്ചതിന് പിന്നാലെ ഇതുവരെ 91,54,65,826 പേർക്ക് പ്രതിരോധ വാക്സിൻ ഡോസുകൾ നൽകി. കഴിഞ്ഞ 24 മണിക്കൂറിനിടെ 72,51,419 വാക്സിൻ ഡോസുകളാണ് നൽകിയത്.
Comments